Connect with us

congress issue

തിരഞ്ഞെടുപ്പില്‍ കാലുവാരിയാല്‍ ഇനി കര്‍ശന നടപടി: കോണ്‍ഗ്രസ്

സ്വന്തം സംഘടനയുണ്ടാക്കിയുള്ള നേതാക്കളുടെ പ്രവര്‍ത്തനവും തടയും

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പിലെ കാലുവാരല്‍ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഘടകക്ഷി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതേ പാത യു ഡി എഫ് ഘടക കക്ഷികളും സ്വീകരിക്കണം. പാര്‍ട്ടി സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കെയാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

അതിനിടെ കാസര്‍കോട് പിലിക്കോട് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ താക്കീതുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സംസ്‌കാര കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രമേശ് ചെന്നിത്തല അധ്യക്ഷനായ സംഘടനയാണ് ‘സംസ്‌കാര’. രേഖാമൂലമുള്ള അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവര്‍ത്തനമായി കണക്കാക്കുമെന്നാണ് സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല പേരുകളില്‍ സംഘടനകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.