Editorial
പെന്‍ഷന്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടി കടുപ്പിക്കണം
ഇതിനകം കൈപ്പറ്റിയ പെന്‍ഷന്‍ പണം പലിശയടക്കം തിരിച്ചു പിടിക്കാനാണ് ധനമന്ത്രി നല്‍കിയ നിര്‍ദേശം. ഇതുകൊണ്ടായില്ല. സര്‍ക്കാറിനെയും പൊതുസമൂഹത്തെയും മൊത്തം വഞ്ചിച്ച ഇവരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട് സര്‍ക്കാര്‍.
ഉദ്യോഗസ്ഥ വിഭാഗത്തിന് മൊത്തം അപകീര്‍ത്തികരമാണ് നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക ക്ഷേമപെന്‍ഷനില്‍ കൈയിട്ടു വാരുന്നുവെന്ന കണ്ടെത്തല്‍. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കം 1,458 ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി ബോധ്യമായത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനമായ ‘സ്പാര്‍ക്ക് ഡേറ്റ’യിലെ ആധാര്‍ വിവരങ്ങള്‍ അവലംബിച്ചായിരുന്നു ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പരിശോധന. ആരോഗ്യ വകുപ്പിലും പൊതുവിദ്യാഭ്യാസ വകുപ്പിലുമാണ് ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തുന്നവര്‍ കൂടുതല്‍. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവശ്യമായ വരുമാനമില്ലാത്തവര്‍ക്കും നിരാലംബര്‍ക്കും ആശ്വാസമയി ഏര്‍പ്പെടുത്തിയതാണ് സാമൂഹികക്ഷേമ പെന്‍ഷന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സര്‍ക്കാര്‍ വളരെ പ്രയാസപ്പെട്ടാണ് ഇത് നല്‍കിവരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അസ്സി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ശമ്പളവും പെന്‍ഷനും വാങ്ങുന്നവര്‍ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നത്.
50 ലക്ഷത്തിന് മുകളില്‍ വരും സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം. ഇവരില്‍ അനര്‍ഹരായവരുണ്ടെന്ന് ധനകാര്യ വകുപ്പ് നേരത്തേ കണ്ടെത്തിയതാണ്. 2017-18 മുതല്‍ 2020-21 വരെയുള്ള നാല് വര്‍ഷക്കാലത്തെ സാമൂഹിക പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) നടത്തിയ പരിശോധനാ റിപോര്‍ട്ടില്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ 20 ശതമാനം പേര്‍ അനര്‍ഹരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വീസ് പെന്‍ഷനേഴ്സിനും സാമൂഹികക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായും അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നതായും സി എ ജി രേഖപ്പെടുത്തുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനുള്ള അപേക്ഷ സ്വീകരിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധ സംഭവിച്ചതായും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാത്തവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഗുണഭോക്താവിന് രണ്ട് വ്യത്യസ്ത പെന്‍ഷനുകളും അനുവദിച്ചു. ഭര്‍ത്താവ് മരിച്ച് ഒറ്റപ്പെട്ട സ്ത്രീകള്‍ക്ക് മാത്രം നല്‍കേണ്ട വിധവാ പെന്‍ഷന്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്ക് നല്‍കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. 4,000ത്തോളം വരും ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം.
ജനങ്ങളുടെ ക്ഷേമം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിന്റെ ഭാഗമാണ് സാമൂഹിക പെന്‍ഷന്‍. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തവരെയാണ് പെന്‍ഷന്‍ ലക്ഷ്യമാക്കുന്നത്. ഇത് കൈപ്പറ്റുന്നവര്‍ തീര്‍ത്തും അതിനര്‍ഹരാണെന്നും അനര്‍ഹരിലേക്ക് ഇത്തരം ആനുകൂല്യങ്ങള്‍ പോകരുതെന്നും ഉറപ്പ് വരുത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ഇതിന്റെ ഭാഗമാണ് സാമൂഹിക പെന്‍ഷന്‍. ഈ ലക്ഷ്യത്തില്‍ പെന്‍ഷന്‍ അപേക്ഷകരുടെ വരുമാന സര്‍ട്ടിഫിക്കറ്റ് പരിശോധന, ബയോമെട്രിക് മസ്റ്ററിംഗ് തുടങ്ങി കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയതുമാണ്. പിന്നെയും എങ്ങനെ അനര്‍ഹര്‍ കടന്നുകൂടി? ഭരണരംഗത്തെയും ഉദ്യോഗസ്ഥ തലത്തിലെയും വീഴ്ചയിലേക്കും ഉദാസീനതയിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും വലിയൊരു ഘടകമാണ്.
പെന്‍ഷന്‍ വാങ്ങുന്നവരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുതെന്നാണ് ചട്ടം. 2010 മുതല്‍ തുടര്‍ന്നു വരുന്നതാണ് ഈ നിബന്ധന. എന്നാല്‍ 2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ വരുമാന പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ അതേ സര്‍ക്കാര്‍ തന്നെ പത്ത് മാസത്തിനു ശേഷം വരുമാന പരിധി വീണ്ടും ഒരു ലക്ഷമാക്കി പുനര്‍നിര്‍ണയിച്ചു. അന്ന് വരുമാനപരിധി ഉയര്‍ത്തിയ ഘട്ടത്തില്‍ ഒന്നര ലക്ഷം പേരാണ് പുതുതായി അര്‍ഹത നേടിയത്. പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടാന്‍ ഒരു കാരണമിതാണ്.
ഇപ്പോള്‍ പുറത്തു വന്ന റിപോര്‍ട്ട് പ്രകാരം സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ 1,458 പേരാണെങ്കിലും ഇതിനേക്കാള്‍ എത്രയോ കൂടുതല്‍ വരും യഥാര്‍ഥത്തില്‍ ഇവരുടെ എണ്ണം. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കടുത്ത നിയമ നടപടിയും ശിക്ഷയും അര്‍ഹിക്കുന്നുണ്ട് ഈ തട്ടിപ്പുകാര്‍. ഇതിനകം കൈപ്പറ്റിയ പെന്‍ഷന്‍ പണം പലിശയടക്കം തിരിച്ചു പിടിക്കാനാണ് ധനമന്ത്രി നല്‍കിയ നിര്‍ദേശം. ഇതുകൊണ്ടായില്ല. സര്‍ക്കാറിനെയും പൊതുസമൂഹത്തെയും മൊത്തം വഞ്ചിച്ച ഇവരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട് സര്‍ക്കാര്‍. അവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും വേണം. പൊതുസമൂഹം അറിയട്ടെ ഈ പകല്‍മാന്യന്മാര്‍ ആരെല്ലാമെന്ന്. ശിക്ഷ കടുപ്പിക്കണമെന്ന ആവശ്യവുമായി എന്‍ ജി ഒ അസ്സോസിയേഷന്‍, ജോയിന്റ് കൗണ്‍സില്‍ തുടങ്ങി ജീവനക്കാരുടെ സംഘടനകള്‍ തന്നെ രംഗത്ത് വന്നത് സ്വാഗതാര്‍ഹമാണ്.
അനര്‍ഹര്‍ക്ക് സാമൂഹിക പെന്‍ഷന് അര്‍ഹതയുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കണ്ടെത്തി അവര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടതുണ്ട്. പാവപ്പെട്ടവരുടെ പെന്‍ഷന്‍ കൈപ്പറ്റുന്നതു പോലെ തന്നെ കൊടിയ വഞ്ചനയാണ് ഇത്തരം അഴിമതികള്‍ക്കും തട്ടിപ്പുകള്‍ക്കും കൂട്ടുനില്‍ക്കുന്നതും. പെന്‍ഷന്‍ പട്ടികയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച പരിശോധന തുടരുകയും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുകയും വേണം.