Connect with us

Kerala Cabinet

കര്‍ശന വ്യവസ്ഥകള്‍; സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭാ അംഗീകാരം

നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം | കര്‍ശന വ്യവസ്ഥകളോടെ സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

ഓരോ കോഴ്‌സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ് സി വിഭാഗത്തിനും അഞ്ച് ശതമാനം എസ് ടി വിഭാഗത്തിനും സംവരണം ചെയ്യണം എന്ന നിര്‍ദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. സര്‍വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാറിന് അധികാരങ്ങള്‍ ഉണ്ടാകും. നിയമം ലംഘിച്ചാല്‍ ആറ് മാസം മുമ്പ് നോട്ടീസ് നല്‍കി സര്‍വകലാശാല പിരിച്ചുവിടാന്‍ സര്‍ക്കാറിന് അധികാരമുണ്ടാകും. സര്‍വകലാശാലയുടെ ഭരണപരമോ സാമ്പത്തികമോ ആയ വിവരങ്ങളും റെക്കോര്‍ഡുകളും വിളിച്ചുവരുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും.

ആക്ടിന് വിരുദ്ധമായി സര്‍വകലാശാല പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാതിരിക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം. വ്യസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സര്‍ക്കാറിന് നിയമിക്കാം. സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങള്‍ ആകും അക്കാദമിക് കൗണ്‍സിലില്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അസോസിയേറ്റ് പ്രഫസര്‍ പദവിയില്‍ താഴെയല്ലാത്ത മൂന്ന് പേര്‍ അംഗങ്ങള്‍ ഉണ്ടായിരിക്കണം.

ഫീസിലും വിദ്യാര്‍ഥി പ്രവേശനത്തിലും സര്‍ക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സര്‍വകലാശാല കരട് ബില്‍ തയ്യാറാക്കിയത്. മള്‍ട്ടി ഡിസിപ്ലീനറി കോഴ്‌സുകള്‍ ഉള്ള സ്വകാര്യ സര്‍വ്വകലാശാലകളില്‍ ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാന്‍ ആകില്ല. സര്‍വകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനുമതി പത്രം സര്‍ക്കാറിന് പിന്‍വലിക്കാം. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിങ്കളാഴ്ച മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കും.

 

Latest