Connect with us

Kerala

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കര്‍ശന പരിശോധന ; നിര്‍ദേശങ്ങളുമായി എക്‌സൈസ് കമ്മീഷണര്‍

പഠന സമയത്ത് യൂണിഫോമില്‍ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തിയാല്‍ സ്‌കൂളുകള്‍ മുഖേന രക്ഷിതാക്കളെ അറിയിക്കണം.

Published

|

Last Updated

തിരുവനന്തപുരം | ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂള്‍ പരിസരത്ത് പരിശോധനാ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി എക്‌സൈസ് കമ്മീഷണര്‍. സ്‌കൂള്‍ പരിസരത്ത് സ്ഥിരമായി വന്നുപോകുന്ന ആളുകളെയും, കറങ്ങിനടക്കുന്ന യുവാക്കളെയും നിരീക്ഷിക്കാനും ഇത്തരക്കാരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കാനും കമ്മീഷണര്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഇത്തരം വ്യക്തികള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടോയെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണോ ഇവരെന്നും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

സ്‌കൂള്‍ പരിസരത്ത് കാണപ്പെടുന്നവര്‍ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ ആണോ എന്ന് പരിശോധിക്കണം. രക്ഷിതാക്കള്‍ അല്ലെങ്കില്‍ ഇത്തരക്കാര്‍ വരുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കണം. നിയമവിരുദ്ധ കാര്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ എക്‌സൈസ് വകുപ്പ് മറ്റു വകുപ്പുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം.

പഠന സമയത്ത് യൂണിഫോമില്‍ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തിയാല്‍ സ്‌കൂളുകള്‍ മുഖേന രക്ഷിതാക്കളെ അറിയിക്കണം. എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ പട്ടിക ജൂണ്‍ ആറിനകം ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.