NIT calicut
വര്‍ഗീയ നീക്കത്തിനെതിരെ സമരം: അടച്ചിട്ട എന്‍ ഐ ടി ഇന്നു തുറക്കും
ഗോഡ്‌സെ അനുകൂലി പ്രഫസര്‍ ഷൈജ ആണ്ടവനില്‍ നിന്നു റജിസ്ട്രാര്‍ വിശദീകരണം തേടും
കോഴിക്കോട് | ക്യാമ്പസ്സില്‍ അധികൃതരുടെ പിന്തുണയോടെ വര്‍ഗീയ നീക്കം നടക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന അടച്ചിട്ട കലിക്കറ്റ് എന്‍ ഐ ടി ഇന്നു തുറക്കും.
അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില് കാവിനിറത്തില്‍ ഇന്ത്യയുടെ ഭൂപടം സൃഷ്ടിച്ച് ആഘോഷം സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ സസ്‌പെന്റ് ചെയ്തതിനെതിരെയാണ് കോളജിനുള്ളിലും പുറത്തും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നത്. സസ്‌പെന്‍ഷന്‍ താല്‍ക്കാലികമായി പിന്‍വലിച്ചെങ്കിലും രണ്ടുദിവസത്തേക്കു കോളജ് അടച്ചിടുകയായിരുന്നു. ഇതിനിടെയാണ് എന്‍ ഐ ടി അധ്യാപിക ഗോഡ്‌സയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റ് ഇട്ടതും വിവാദമായത്. അധ്യാപികക്കെതിരെ എസ് എഫ് ഐ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.
ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപിക ഷൈജ ആണ്ടവനില്‍ നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍ ഐ ടി ഡയറക്ടര്‍ പറഞ്ഞു. അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി നല്‍കിയ കത്തിനാണ് എന്‍ ഐ ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മറുപടി നല്‍കിയത്.
വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരം എം പിയെ അറിയിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് സംഘപരിവാര്‍ അനുകൂലിയായ അഭിഭാഷകന്‍ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിലാണ് എന്‍ ഐ ടി പ്രഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്.
‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിനു പിന്നാലെ എസ് എഫ് ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പോലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.