Articles
അടിക്ക് തിരിച്ചടി; ഒന്നും ഏകപക്ഷീയമല്ല ഇപ്പോൾ
താരിഫ് വര്‍ധന മൂലം വിദേശ ഉത്പന്നങ്ങള്‍ കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ടിവന്ന അമേരിക്കന്‍ ജനത വലിയ രോഷത്തിലാണ്. താരിഫ് കൂട്ടുന്പോൾ ഖജനാവില്‍ പണം വന്ന് നിറയുമെന്നും അതിന്റെ ഗുണം ജനങ്ങള്‍ക്ക് തിരികെ കിട്ടുമെന്നും പ്രഖ്യാപിച്ച ട്രംപിനെ ഇന്ന് ആരും ഗൗനിക്കുന്നില്ല. അവര്‍ക്ക് മുന്നില്‍ രൂക്ഷമായ വിലക്കയറ്റം വാ പിളര്‍ന്ന് നില്‍ക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ട്രംപിന്റെ അനുയായികള്‍ തന്നെ തെരുവിലിറങ്ങും.

ട്രംപിന്റെ കാര്യത്തില്‍ ഒന്നിനും ഒരു തീര്‍ച്ചയുമില്ല. ഇന്ന് ഒന്ന് പറയും. അടുത്ത ദിവസം നേരെ തിരിച്ചും. വരുംവരായ്കയെ കുറിച്ച് ചിന്തയില്ലാത്ത, ബെല്ലും ബ്രേക്കുമില്ലാത്ത ഒരു പോക്കാണിത്. എവിടെ ഇടിച്ചു നില്‍ക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. ട്രംപല്ലേ, അയാള്‍ അങ്ങനെയാണ്. അയാള്‍ ഒരു ബിസിനസ്സുകാരനാണ്. രാഷ്ട്രീയക്കാരനല്ല. അയാള്‍ക്ക് അമേരിക്കയുടെ കാര്യമാണ് വലുത്. അതിലെന്താണ് തെറ്റ്? എന്നൊക്കെ ചില നിഷ്‌കളങ്കര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ സത്യമതല്ല. ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ കുഴപ്പമായി ഇതിനെ ലളിതവത്കരിക്കാനാകില്ല. തീര്‍ച്ചപ്പെടുത്തിയ തീരുമാനങ്ങളും സ്ഥിരതയാര്‍ന്ന നയങ്ങളും കൈകൊള്ളാന്‍ സാധിക്കാത്ത വിധം സങ്കീര്‍ണമായ പ്രതിസന്ധിയിലൂടെയാണ് അമേരിക്ക കടന്നു പോകുന്നത്. ലോകത്താകെ പുതിയ യുദ്ധമുഖങ്ങള്‍ തുറന്നും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും സാമ്പത്തിക ഇടപെടല്‍ നടത്തിയും ഡോളറിനെ ആഗോള കറന്‍സിയായി നിലനിര്‍ത്തിപ്പോന്ന ഏകധ്രുവ ലോകം അസ്തമിക്കുകയാണ്. പുതിയ വെല്ലുവിളികള്‍ വരുന്നു, ശാക്തിക ചേരി വരുന്നു. കൊവിഡ് മഹാമാരി മറ്റേത് രാഷ്ട്രത്തെ ഉലച്ചതിനേക്കാളും ഭീകരമായാണ് യു എസിനെ ബാധിച്ചത്. കഴിഞ്ഞ ഒരു ദശകമായി ആ രാജ്യത്തിന്റെ സര്‍വ സൂചകങ്ങളിലും മാന്ദ്യത്തിന്റെ കാല്‍പ്പാടുകള്‍ കാണാം. ഇത് അമേരിക്കന്‍ ജനതയിലുണ്ടാക്കിയ അരക്ഷിതാവസ്ഥയാണ് പോപുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും സമഗ്രാധിപത്യം നേടി അധികാരത്തില്‍ വരാന്‍ ട്രംപിനെ പ്രാപ്തനാക്കിയത്. മേക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ എന്നായിരുന്നുവല്ലോ അദ്ദേഹത്തിന്റെ മുദ്രാവാക്യം. നഷ്ടപ്പെട്ട ഒന്നാണല്ലോ വീണ്ടെടുക്കേണ്ടത്. ട്രംപില്‍ യു എസ് ജനത രക്ഷകനെ കണ്ടു. പക്ഷേ, തീയണക്കാനുള്ള മതിയായ ഉപകരണങ്ങളോ അനുഭവ പരിചയമോ ഇല്ലാത്ത ഫയര്‍ ഫൈറ്ററുടെ അങ്കലാപ്പിലാണ് ട്രംപ്. കൈയില്‍ ഒരു പരിഹാരവുമില്ലെന്ന് നന്നായറിയാവുന്ന ട്രംപ് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. അലറി വിളിക്കുന്നു. പറയുന്നു, തിരുത്തുന്നു. മുറുക്കുന്നു, അയയുന്നു. കുടുക്കില്‍ നിന്ന് ഊരാക്കുടുക്കിലേക്ക് ചാടുന്നു.
പ്രതികാരച്ചുങ്കത്തില്‍ ട്രംപ് വാങ്ങിക്കൂട്ടുന്ന തിരിച്ചടികളും അദ്ദേഹം നടത്തുന്ന യുടേണുകളും അമേരിക്ക ചെന്നുപെട്ട ഊരാക്കുടുക്കിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ആരൊക്കെ എതിര്‍ത്താലും പ്രതികാരച്ചുങ്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പിടിവാശിയിലായിരുന്നു ട്രംപ്. രാജ്യത്താകെ പ്രക്ഷോഭം അരങ്ങേറിയിട്ടും ഓഹരി വിപണി കുത്തനെ ഇടിഞ്ഞിട്ടും ബോണ്ട് മാര്‍ക്കറ്റില്‍ ചാഞ്ചാട്ടം രൂക്ഷമായിട്ടും ട്രംപ് വഴങ്ങാന്‍ തയ്യാറായിരുന്നില്ല. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ തന്നെ ട്രംപിനെ ഉപദേശിച്ചിരുന്നു. ചൈനക്കും മെക്‌സികോക്കും കാനഡക്കും ഇന്ത്യക്കുമെതിരെ കടുത്ത തീരുവ ചുമത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ച ട്രംപ്, അമേരിക്കയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന മുഴുവന്‍ രാഷ്ട്രങ്ങള്‍ക്കു മേലും “പ്രതികാര തീരുവ’ ചുമത്തുമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. താന്‍ അധികാരമേറ്റ് മണിക്കൂറുകള്‍ പിന്നിടും മുമ്പ് ചൈനയെയും കാനഡയെയും പാഠം പഠിപ്പിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് ഭീഷണി മുഴക്കിയത്. ലോകത്ത് ഏറ്റവും ഭീമമായ തീരുവ ചുമത്തുന്ന രാജ്യമെന്ന് ഇന്ത്യക്ക് മേല്‍ അദ്ദേഹം ആക്ഷേപം ചൊരിഞ്ഞു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് പിറകേ യു എസ് ഓഹരി വിപണി കൂപ്പുകുത്തിയതോടെ സ്വരം മയപ്പെടുത്താന്‍ ട്രംപ് നിര്‍ബന്ധിതനായി. എല്ലാവര്‍ക്കും സാവകാശം നല്‍കുകയാണെന്നും ഏപ്രില്‍ രണ്ട് മുതലായിരിക്കും റെസിപ്രോക്കല്‍ താരിഫ് പ്രവര്‍ത്തനക്ഷമമാകുകയെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് യു എസിന്റെ സ്വാതന്ത്ര്യ ദിനമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. എന്നാല്‍ അവിടെ നിന്ന് പിന്നെയും ഗോള്‍ പോസ്റ്റ് മാറ്റി. ചൈനയൊഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്താന്‍ 90 ദിവസത്തെ സാവകാശം പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നോക്കൂ, എത്ര തവണയാണ് തീയതികള്‍ മാറിമറിഞ്ഞത്. ഒടുവില്‍ ചൈനക്ക് മേല്‍ 145 ശതമാനം തീരുവ ചുമത്തിയ അമേരിക്കക്ക് കൈപ്പൊള്ളിയിരിക്കുന്നു. ചൈനയിലേക്ക് വരുന്ന യു എസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ചുമത്തിയാണ് ചൈന തിരിച്ചടിച്ചിരിക്കുന്നത്. ഇത് ഇനിയും കൂട്ടുമെന്നാണ് ചൈനയുടെ ഭീഷണി. വിപണിയെ പിടിച്ചുലക്കുന്ന തീരുവ യുദ്ധത്തില്‍ നിന്ന് തടിയൂരാന്‍ ട്രംപും കൂട്ടരും നന്നായി വിയര്‍ക്കേണ്ടി വരും. യൂറോപ്യന്‍ യൂനിയന്‍ തത്കാലം പിന്നോട്ട് പോയെങ്കിലും അവരും യു എസിന് കടുത്ത പണി കൊടുക്കണമെന്ന നിലപാടിലാണ്. യു എസിന്റെ പ്രധാന വ്യാപാര പങ്കാളികളായ മെക്‌സിക്കോയും കാനഡയുമെല്ലാം ട്രംപിന്റെ ഭീഷണി നേരിടാന്‍ സമഗ്ര താരിഫ് നയം തയ്യാറാക്കുന്നുണ്ട്. ഒന്നും ഏകപക്ഷീയമല്ല. അടിക്ക് തിരിച്ചടിയുണ്ട്.
90 ദിവസത്തേക്ക് താരിഫ് വര്‍ധന നിര്‍ത്തിവെക്കാന്‍ ട്രംപ് തയ്യാറായത് വലിയ സൗമനസ്യമായി ചിലര്‍ അവതരിപ്പിക്കുന്നുണ്ട്. ആഗോള സാമ്പത്തിക ക്രമത്തോട് ഉത്തരവാദിത്വമുള്ള നേതാവാണ് ട്രംപെന്നാണ് ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ പെരുമ്പറ മുഴക്കുന്നത്. ഗതികെട്ട നേതാവിന്റെ രോദനമാണ് സത്യത്തില്‍ ഈ “വെടിനിര്‍ത്തല്‍’. അമേരിക്കന്‍ ബോണ്ട് വിപണിയിലെ തിരിച്ചടിയാണ് ട്രംപിനെ വീണ്ടുവിചാരത്തിന് നിര്‍ബന്ധിതനാക്കിയത്. ബോണ്ടിലെന്താണ് ഇത്ര കാര്യം? അത് മനസ്സിലാക്കണമെങ്കില്‍ ഡോളറിന് ഇപ്പോഴുള്ള നേതൃ കറന്‍സി പദവി എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കണം. മിക്ക രാജ്യങ്ങള്‍ക്കും യു എസ് ട്രഷറി ബോണ്ടുകളില്‍ നിക്ഷേപമുണ്ട്. സുരക്ഷിതമായ ഒരു നിക്ഷേപമായി ഇതിനെ ഈ രാജ്യങ്ങള്‍ കാണുന്നു. ഒരര്‍ഥത്തില്‍ വിദേശത്ത് നിന്നുള്ള യു എസിന്റെ കടമെടുപ്പാണ് ഇത്. ഉദാഹരണത്തിന് ജപ്പാന് ഇത്തരത്തില്‍ 1,07,900 കോടി ഡോളര്‍ നിക്ഷേപമുണ്ട്. ചൈനക്കത് 76,000 കോടിയാണ്. ഇന്ത്യക്ക് 22,500 കോടി ഡോളറുണ്ട്. ഈ ബോണ്ട് നിക്ഷേപം ഡോളറിനെ ശക്തിപ്പെടുത്തുന്നു. ഈ തുക വലിഞ്ഞ് പോയാല്‍ ഡോളര്‍ ഇടറും. ട്രംപിന്റെ തീരുവ നയം സൃഷ്ടിച്ച അനിശ്ചിതത്വം ഇത്തരം ബോണ്ടുകള്‍ വ്യാപകമായി വിറ്റൊഴിക്കുന്ന സ്ഥിതിയുണ്ടാക്കി. ബോണ്ട്
കൈയൊഴിയുന്നവര്‍ക്കെല്ലാം ഡോളറില്‍ തന്നെ പണം തിരികെ നല്‍കണം. ചൈന പ്രതികാര വിറ്റൊഴിക്കല്‍ തന്നെ നടത്തി. വലിയ ആഘാതമാണ് ഇതുണ്ടാക്കാന്‍ പോകുന്നത്. ഇത് തിരിച്ചറിഞ്ഞ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ തീരുവ യുദ്ധത്തില്‍ നിന്ന് ഉടനടി പിന്‍വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. വെടിനിര്‍ത്തലാണ് യുദ്ധവിരാമമല്ല എന്നാണ് ട്രംപിന്റെ 90 ദിവസത്തെ പിന്‍വാങ്ങലിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ട്രംപ് എന്ത് തീരുമാനമെടുക്കുമെന്ന് പ്രവചിക്കാനാകാത്തതിനാല്‍ വ്യാപാര രംഗത്തെ അനിശ്ചിതത്വം തുടരുക തന്നെയാണ്. താരിഫ് സമയക്രമം ആര്‍ക്കും പ്രവചിക്കാനാകാത്ത സ്ഥിതി. ഇത് കയറ്റുമതി രാജ്യങ്ങളെയും ഇറക്കുമതി രാജ്യങ്ങളെയും ഒരുപോലെ ബാധിക്കും. യു എസില്‍ വിലക്കയറ്റ പ്രവണത തുടരും. വിപണി സന്തുലിതമായി നില്‍ക്കാത്തതിനാല്‍ തീരുമാനമെടുത്ത് മുന്നോട്ട് പോകാന്‍ ആര്‍ക്കും സാധിക്കില്ല. ആഗോള മാന്ദ്യത്തിന് തന്നെ ഈ അനിശ്ചിതത്വം വഴിവെച്ചേക്കാം.
എന്നാല്‍ ഇതിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കന്‍ ജനത തന്നെയാണ്. അമേരിക്കയില്‍ മാന്ദ്യമുണ്ടാകുന്നതിന് 36 ശതമാനം സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ മാസം പുറത്തുവന്ന സി എന്‍ ബി സി സര്‍വേ പ്രവചിച്ചത്. 73 ശതമാനം അമേരിക്കക്കാരും സാമ്പത്തികമായി മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടി. ഡ്യൂട്‌ഷെ ബേങ്ക് നടത്തിയ സര്‍വേ അടുത്ത ഒരു വര്‍ഷത്തിനിടെ വലിയ സാമ്പത്തിക മാന്ദ്യം വരുന്നതിനുള്ള സാധ്യത 43 ശതമാനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ട്രംപ് തന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടര്‍ന്നാല്‍ അമേരിക്ക പ്രതിസന്ധിയിലാകാനുള്ള സാധ്യതയേറെയാണെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു. മഹത്തായ അമേരിക്ക തിരിച്ചു കൊണ്ടുവരാന്‍ ഇറങ്ങിപ്പുറപ്പെട്ട ട്രംപിന്റെ നയങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് യു എസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നതാണ് ഏറ്റവും പ്രധാനം. താരിഫ് വര്‍ധന മൂലം വിദേശ ഉത്പന്നങ്ങള്‍ കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ടിവന്ന അമേരിക്കന്‍ ജനത വലിയ രോഷത്തിലാണ്. താരിഫ് കൂടുന്പോൾ ഖജനാവില്‍ പണം വന്ന് നിറയുമെന്നും അതിന്റെ ഗുണം ജനങ്ങള്‍ക്ക് തിരികെ കിട്ടുമെന്നും പ്രഖ്യാപിച്ച ട്രംപിനെ ഇന്ന് ആരും ഗൗനിക്കുന്നില്ല. അവര്‍ക്ക് മുന്നില്‍ രൂക്ഷമായ വിലക്കയറ്റം വാ പിളര്‍ന്ന് നില്‍ക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ട്രംപിന്റെ അനുയായികള്‍ തന്നെ തെരുവിലിറങ്ങും.
അപകടകരമായ രാഷ്ട്രീയ ട്രിപ്പീസ് കളി കൂടി നടത്തുന്നുണ്ട് ട്രംപ്. യുക്രൈന്‍ വിഷയത്തില്‍ റഷ്യയുമായി വിചിത്രമായ സഖ്യത്തിന് മുതിരുന്നു. ഗസ്സയിലെ മനുഷ്യരെ ആട്ടിയോടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. അതിനെ ട്രംപ് പദ്ധതിയെന്ന് വിളിച്ച് ഇസ്‌റാഈല്‍ ആഘോഷിക്കുന്നു. സര്‍വ അന്താരാഷ്ട്ര വേദികളില്‍ നിന്നും അമേരിക്കയെ അടര്‍ത്തുന്നു. നാറ്റോ പോലും അമേരിക്കയെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാന്‍ നോക്കുന്നു. ഈ സങ്കീര്‍ണ സാഹചര്യത്തിന്റെ പുകയടങ്ങുമ്പോള്‍ കാണാന്‍ പോകുന്നത് ചൈനയുടെ കുതിച്ചു ചാട്ടമായിരിക്കും. എ ഐ മുതല്‍ ആഗോള ഭൗമ രാഷ്ട്രീയം വരെ സര്‍വ ഇടങ്ങളിലും വ്യാളിയുടെ നൃത്തം കാണാം. ബ്രിക്‌സില്‍ ബദല്‍ കറന്‍സിയെ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. യൂറോപ്യന്‍ യൂനിയനുമായി ചേര്‍ന്ന് ട്രംപിനെ പ്രതിരോധിക്കാനുള്ള ആലോചനകളും നടക്കുന്നു. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ ഈ ഘട്ടത്തില്‍ അവരുടെ അമേരിക്കന്‍ പക്ഷപാതിത്വം വീണ്ടുവിചാരത്തിന് വിധേയമാക്കിയില്ലെങ്കില്‍ വലിയ നഷ്ടമാകും നേരിടുക.
ഒടുവില്‍ കിട്ടിയത്: പ്രതികാരച്ചുങ്കത്തില്‍ വീണ്ടും യു ടേണെടുത്തിരിക്കുന്നു ട്രംപ്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് സ്മാര്‍ട് ഫോണുകളും കമ്പ്യൂട്ടറുകളുമടക്കമുള്ളവയെ ഒഴിവാക്കിയെന്നതാണ് ഏറ്റവും പുതിയ തീരുമാനം. ചൈനയില്‍ നിന്നുള്ളവക്കും ഈ ഇളവുണ്ട്. ഐ ഫോണുകളുടെ നല്ല പങ്കും അവിടെയാണല്ലോ നിര്‍മിക്കുന്നത്.