Kerala
എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം; തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി
യാത്ര പുനക്രമീകരിക്കേണ്ടവര്‍ക്ക് 10, 11, 12 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തുനല്‍കിയെന്നും റീഫണ്ട് വേണ്ടവര്‍ക്ക് അത് നല്‍കിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.

കൊച്ചി| എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിന് വിമാനത്താവളങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലാണ് പകരം സംവിധാനം ഏര്‍പ്പെടുത്തിയത്. യാത്ര പുനക്രമീകരിക്കേണ്ടവര്‍ക്ക് 10, 11, 12 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തുനല്‍കിയെന്നും റീഫണ്ട് വേണ്ടവര്‍ക്ക് അത് നല്‍കിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.
നെടുമ്പാശേരിയില്‍ യാത്രക്കാര്‍ക്ക് നാളത്തേക്ക് ടിക്കറ്റ് റീ ഷെഡ്യൂള്‍ ചെയ്തു നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചാല്‍ റീ ഷെഡ്യൂള്‍ ചെയ്ത ടിക്കറ്റില്‍ നാളെ യാത്ര ചെയ്യാം. എയര്‍ ഇന്ത്യ ജീവനക്കാര്‍ അപ്രതീക്ഷിതമായി പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കിയത്.
അബൂദബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും സര്‍വീസുകള്‍ മുടങ്ങി. മുന്നറിയിപ്പില്ലാതെ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് നൂറിലധികം യാത്രക്കാര്‍ പ്രതിസന്ധിയിലായി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം.
കരിപ്പൂരില്‍ രാവിലെ എട്ടു മണി മുതല്‍ പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദുബായ്, അബുദാബി, മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ ഒരു മണി മുതല്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.