Kerala
ഗുസ്തി താരങ്ങളുടെ സമരം: പി ടി ഉഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം
നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നു ശശി തരൂര്‍ ട്വീറ്റില്‍ പറഞ്ഞു
ന്യൂഡല്‍ഹി | ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗികാതിക്രമ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരായ പരാമര്‍ശത്തില്‍ രാജ്യസഭാ അംഗമായ പി ടി ഉഷ്‌ക്കെതിരെ ശക്തമായ പ്രതിഷേധം.
തെരുവില്‍ പ്രതിഷേധിച്ച താരങ്ങള്‍ക്കെതിരെ പി ടി ഉഷ നടത്തിയ പരാമര്‍ശം ശരിയായില്ലെന്നു ചൂണ്ടിക്കാട്ടി നിരവധി നേതാക്കളും കായിക താരങ്ങളും രംഗത്തെത്തി.
ലൈംഗികപീഡന പരാതി നല്‍കിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചുവെന്നും നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലല്ലെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നും ട്വീറ്റില്‍ പറഞ്ഞു.
പ്രസ്താവന പിന്‍വലിക്കാന്‍ പി ടി ഉഷ തയ്യാറാകണമെന്നു സി പി എം നേതാവ് പി കെ ശ്രീമതി
ആവശ്യപ്പെട്ടു. പി ടി ഉഷയും ഒരു സ്ത്രീയും അമ്മയുമാണ്. പെണ്‍കുട്ടികള്‍ പരാതികള്‍ പറയുമ്പോള്‍ ആരോപണ വിധേയന്റെ സംരക്ഷകയായി മാറരുതെന്നും പി കെ ശ്രീമതി ഓര്‍മ്മിപ്പിച്ചു.
സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി ടി ഉഷ മാപ്പ് പറയണമെന്ന് സി പി ഐ നേതാവ് ആനി രാജ പ്രതികരിച്ചു. നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ് ഉഷയുടെ അഭിപ്രായം. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതാണ് രാജ്യത്തിന് അപമാനം. അതിജീവിതകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഉഷ ചെയ്യേണ്ടിയിരുന്നതെന്നും ദേശീയ മഹിളാ ഫെഡറേഷന്‍ അധ്യക്ഷ കൂടിയായ ആനി രാജ അഭിപ്രായപ്പെട്ടു.
നീതിക്കുവേണ്ടി അത്ലറ്റുകള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് ഒളിംബ്യന്‍ നീരജ് ചോപ്ര പ്രതികരിച്ചു. രാജ്യത്തിനായി കഠിനാധ്വാനം ചെയ്തവരാണ് കായിക താരങ്ങള്‍. ഓരോ പൗരന്റേയും അഭിമാനത്തെ സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. പക്ഷേ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നത്. വൈകാരികമായ ഈ വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഷയുടെ നിലപാട് ഞെട്ടിച്ചെന്ന് സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞു.