Editorial
പണിമുടക്കി വേണോ സമരങ്ങള്‍?
നാടാകെ സ്തംഭിപ്പിച്ചുള്ള സമരങ്ങള്‍ രാജ്യത്തിനും പൊതുസമൂഹത്തിനും ഹാനികരമാണ്. മറ്റു പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടായിരിക്കരുത് തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്.
കേന്ദ്രത്തിന്റെ പുതിയ തൊഴില്‍ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്കില്‍ രാജ്യത്തെ തൊഴില്‍ മേഖല ഏറെക്കുറെ നിശ്ചലമായിരിക്കുകയാണ്. ബി ജെ പി അനുകൂല സംഘടനയായ ബി എം എസ് ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ രണ്ട് ദിവസത്തെ ഗ്രാമീണ ബന്ദും നടത്തിവരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ദേശീയതലത്തില്‍ ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണിത്.
2020 നവംബറിലാണ് രാജ്യത്തെ 29 തൊഴില്‍ നിയമങ്ങള്‍ക്കു പകരം വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സ്ഥിതിയും സംബന്ധിച്ച കോഡ്, തൊഴില്‍ വേതന കോഡ് എന്നിങ്ങനെ പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ പാര്‍ലിമെന്റ് പാസ്സാക്കിയത്. തൊഴിലാളികളുടെയും വ്യവസായങ്ങളുടെയും ക്ഷേമം ഒരുപോലെ ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമ നിര്‍മാണമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദമെങ്കിലും മുച്ചൂടും തൊഴിലാളി വിരുദ്ധവും ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ക്ക് കത്തിവെക്കുന്നതുമാണിവയെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.
സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തില്‍ കൂടുതല്‍ നിബന്ധനകള്‍ വെക്കുന്ന വ്യവസായബന്ധ കോഡിനോടാണ് തൊഴിലാളി സംഘടനകള്‍ കൂടുതല്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. തൊഴിലാളികളുടെ പണിമുടക്ക് സമരത്തിനു സാധാരണ തൊഴില്‍ സ്ഥാപനങ്ങളില്‍ 14 ദിവസം മുമ്പും അവശ്യസേവന മേഖലയില്‍ ആറാഴ്ച മുമ്പും നോട്ടീസ് നല്‍കിയിരിക്കണം. നോട്ടീസ് നല്‍കിയാലും സമവായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമരം പാടില്ല. തര്‍ക്ക പരിഹാര ഓഫീസര്‍ വിചാരണാ നടപടികളിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള നടപടി തുടങ്ങിയാല്‍ മൂന്ന് മാസത്തേക്ക് പണിമുടക്ക് അനുവദിക്കില്ല എന്നിവയാണ് ഈ കോഡില്‍ പറയുന്നത്. ഫലത്തില്‍ ഇത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അടിസ്ഥാന അവകാശത്തിന്റെ നിഷേധമാണെന്ന് തൊഴില്‍ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
തൊഴിലാളികളെ പിരിച്ചു വിടുന്നതു സംബന്ധിച്ച നിയമവും തൊഴിലുടമകള്‍ക്ക് കൂടുതല്‍ അനുകൂലമാക്കിയിട്ടുണ്ട്. നേരത്തേ 100 പേരുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമായിരുന്നു. പുതിയ നിയമ പ്രകാരം 300 പേരില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലേ സര്‍ക്കാര്‍ അനുമതി വേണ്ടതുള്ളൂ. അതില്‍ താഴെ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചുവിടാനോ ലേ ഓഫ് ചെയ്യാനോ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണ്ട. നിക്ഷേപകരെ സഹായിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വ്യവസ്ഥകളെന്നാണ് കേന്ദ്രം പറയുന്നത്.
തൊഴിലാളികളുടെ കുറഞ്ഞ വേതനം 178 രൂപ (പ്രതിമാസ വേതനം 4,628 രൂപ)യായി നിജപ്പെടുത്തിക്കൊണ്ടുള്ള 2019ലെ കേന്ദ്രത്തിന്റെ വേജ് കോഡ് ബില്ലും കടുത്ത വിമര്‍ശത്തിനു വിധേയമായിട്ടുണ്ട്. 2017ല്‍ 176 രൂപയായാണ് മിനിമം വേതനം നിശ്ചയിരുന്നത്. ജീവിതച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നിട്ടും നാമമാത്രമായ രണ്ട് രൂപ മാത്രമാണ് 2019ല്‍ വര്‍ധിപ്പിച്ചത്. തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച അനൂപ് സത്പതി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശങ്ങളും 15ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശിപാര്‍ശയും സുപ്രീം കോടതി ശിപാര്‍ശയും അവഗണിച്ചാണ് കേന്ദ്രം ഇത്രയും കുറഞ്ഞ വേതനം നിശ്ചയിച്ചതെന്ന് ആരോപിക്കപ്പെടുന്നു. കുറഞ്ഞ വേതനം 375 രൂപ മുതല്‍ 447 രൂപ വരെയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു അനൂപ് സമിതിയുടെ നിര്‍ദേശം. മിനിമം വേതനത്തില്‍ 25 ശതമാനം വര്‍ധനവായിരുന്നു സുപ്രീം കോടതിയുടെ ശിപാര്‍ശ. കുറഞ്ഞ വേതനം 474 രൂപയായി വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരമേറിയത്.
കേന്ദ്രമായാലും സംസ്ഥാനങ്ങളായാലും തൊഴിലാളി പ്രതിനിധികളുമായി വിശദമായി ചര്‍ച്ച നടത്തി വേണം പുതിയ തൊഴില്‍ നയങ്ങളും വേതന വ്യവസ്ഥകളും നടപ്പാക്കേണ്ടത്. ഏകപക്ഷീയമായും അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിലുമാകരുത് നിയമനിര്‍മാണങ്ങളൊന്നും തന്നെ. അതേസമയം കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്കാകര്‍ഷിക്കാനും വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്താനും തൊഴില്‍ രംഗത്ത് ജീവനക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ കുറേയൊക്കെ വിട്ടുവീഴ്ചക്ക് സന്നദ്ധമാകേണ്ടതുമുണ്ട്. തൊഴിലാളി ക്ഷേമം മാത്രമല്ല, തൊഴിലുടമകളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് വ്യവസായ മേഖലയില്‍. തൊഴില്‍ സമരരീതികളിലും ഒരു പുനര്‍വിചിന്തനം ആവശ്യമാണ് തൊഴിലാളികള്‍ക്കിടയില്‍. നാടാകെ സ്തംഭിപ്പിച്ചുള്ള സമരങ്ങള്‍ രാജ്യത്തിനും പൊതുസമൂഹത്തിനും ഹാനികരമാണ്. മറ്റു പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടായിരിക്കരുത് തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന ഘട്ടത്തില്‍ വിശേഷിച്ചും.
പൊതുഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്കും ഇതുകൊണ്ടൊരു നഷ്ടവും സംഭവിക്കാനില്ലായിരിക്കാം. എന്നാല്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് ദിവസത്തെ വേതനം നഷ്ടപ്പെടുന്നത് കടുത്ത പ്രയാസത്തിനിടയാക്കും. പണി ലഭിക്കാതെ ലക്ഷങ്ങളുടെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയും തൊഴിലാളി നേതൃത്വങ്ങള്‍ കാണാതെ പോകരുത്. പല വികസിത രാജ്യങ്ങളിലെയും തൊഴിലാളികള്‍, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പണിമുടക്ക് സമരങ്ങളെയല്ല ആശ്രയിക്കുന്നത്. പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കരുതെന്ന ബോധ്യമുണ്ട് അവര്‍ക്ക്. ഇത്തരമൊരു ബോധ്യത്തിലേക്കും സംസ്‌കാരത്തിലേക്കും ഇന്ത്യന്‍ തൊഴിലാളി വര്‍ഗവും വളരേണ്ടിയിരിക്കുന്നു.