National
സമരത്തിലുള്ള ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് തയ്യാറാകുന്നില്ല; രാജിസന്നദ്ധത അറിയിച്ച് മമത
'ജനങ്ങള്‍ക്കു വേണ്ടി രാജിക്ക് ഒരുക്കമാണ്. തനിക്കും നീതി വേണം.'
ന്യൂഡല്‍ഹി | രാജിസന്നദ്ധത അറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് രാജിക്ക് തയ്യാറെന്ന പ്രസ്താവന മമത നടത്തിയത്. ജനങ്ങള്‍ക്കു വേണ്ടി താന്‍ രാജിക്ക് ഒരുക്കമാണെന്നും ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കും നീതി വേണമെന്നും മമത പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം തുടരുന്ന ഡോക്ടര്‍മാരെ മമത ചര്‍ച്ചക്കു വിളിച്ചിരുന്നു. എന്നാല്‍, നിശ്ചിത സമയം കഴിഞ്ഞ് ഒരു മണിക്കൂറിലധികം മമത കാത്തിരുന്നെങ്കിലും കൂടിക്കാഴ്ചക്കോ ചര്‍ച്ചക്കോ സമരക്കാര്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചത്. ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ബംഗാളിലെ ജനങ്ങളോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് മമത പ്രതികരിച്ചു.
‘കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ ശ്രമിക്കുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് തയ്യാറാകുന്നില്ല. അവര്‍ തന്റെ ഉദ്ദേശങ്ങള്‍ മനസിലാക്കുന്നില്ല.’- മമത പറഞ്ഞു. ഡോക്ടര്‍മാരോട് ജോലിയിലേക്ക് മടങ്ങാനും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.