Health
ചെറുപ്പക്കാര്‍ക്ക് ഇടയില്‍ മസ്തിഷ്‌കാഘാതം വര്‍ധിക്കുന്നു. കാരണം ഇതാണ്
രക്താതിമര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദ്രോഗം, അമിതമായി എണ്ണ, കൊഴുപ്പ്, ഉപ്പ്, മധുരം, അന്നജം എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതുമായ ആഹാരം എന്നിവ നിയന്ത്രിച്ചു നിര്‍ത്തല്‍, പുകവലി, മാനസിക സമ്മര്‍ദം ഒഴിവാക്കല്‍, സ്ഥിരമായ ശാരീരിക വ്യായാമം, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മത്സ്യം, പരിപ്പ് വര്‍ഗ്ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, കൊഴുപ്പ് കുറഞ്ഞ മാംസം തുടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണം എന്നിവയിലൂടെ മസ്തിഷ്‌കാഘാത സാധ്യത കുറയ്ക്കാം
രക്തയോട്ടത്തിലെ തടസ്സം മൂലം തലച്ചോര്‍ തകരാറിലാവുന്ന രോഗാവസ്ഥയാണു മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്). മരണത്തിനു വരെ കാരണമാകുന്ന ഗുരുതര രോഗമാണിത്. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണ് മസ്തിഷ്‌കാഘാതം കണ്ടുവരുന്നത്. എന്നാല്‍ ഈയിടെയായി കേരളത്തിലുള്‍പ്പെടെ യുവാക്കളിലും ഇതു വ്യാപകമായതായി കാണുന്നു. 45 വയസ്സിന് താഴെയുള്ളവരില്‍ പക്ഷാഘാതം ഉണ്ടാകുന്നത് പെട്ടെന്ന് വര്‍ധിച്ചു.
എന്താകും ഇതിന് കാരണം? പല കാരണങ്ങളാണ് വൈദ്യ ലോകം പറയുന്നത്. അതിനുമുമ്പ് എന്താണ് മസ്തിഷ്‌കാഘാതമെന്ന് നമുക്ക് വിശദമായി നോക്കാം.
മസ്തിഷ്‌കാഘാതം
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ അടയുകയോ രക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നു. തന്മൂലം മസ്തിഷ്‌കകലകള്‍ക്ക് ലഭിക്കുന്ന ജീവവായുവും പോഷകങ്ങളും തടയപ്പെടുകയും ചെയ്യും. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകള്‍മൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളില്‍ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളില്‍ സ്പര്‍ശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകുക, കണ്ണുകള്‍ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോള്‍ വശങ്ങളിലേക്ക് ചരിയുക, വിവിധപ്രവര്‍ത്തികള്‍ ചെയ്യാന്‍ പറ്റാതാവുക, എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ചിലത് രോഗിയില്‍ ദൃശ്യമാകുന്നു. ബോധക്ഷയം, തലകറക്കം, സ്ഥലകാലബോധം നഷ്ടമാകല്‍, അപസ്മാരം (ജന്നി),തലവേദന എന്നിവയും ലക്ഷണങ്ങളിലുള്‍പ്പെടാം. ഇതാണ് മസ്തിഷ്‌കാഘാതം.
രണ്ട് തരം
മസ്തിഷ്‌കാഘാതം പ്രധാനമായും രണ്ടു രീതിയിലാണ്.
1) ഇസ്‌കീമിക മസ്തിഷ്‌കാഘാതം (Ischemic Stroke)
2)രക്തസ്രാവ മസ്തിഷ്‌കാഘാതം (Hemorrhagic Stroke)
മസ്തിഷ്‌കഭാഗങ്ങളിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ടപിടിച്ച് രക്തയോട്ടം നിലക്കുന്നതാണ് ഇസ്‌കീമിക മസ്തിഷ്‌കാഘാതത്തിലേക്ക് നയിക്കുന്നത്. മസ്തിഷ്‌കത്തിനുള്ളിലെ ധമനികളോ മസ്തിഷ്‌കാവരണങ്ങളോട് ചേര്‍ന്നുള്ള അവാരാക്നോയിഡ് (Subarachnoid) ധമനികളോ സ്വയം പൊട്ടി രക്തസ്രാവമുണ്ടാകുന്നതിലൂടെയാണ് രക്തസ്രാവ മസ്തിഷ്‌കാഘാതം സംഭവിക്കുക. തലയ്ക്കുണ്ടാകുന്ന ക്ഷതമോ തലയോട്ടി പൊട്ടലോ കൊണ്ട് സംഭവിക്കുന്ന മസ്തിഷ്‌കരക്തസ്രാവത്തെ മസ്തിഷ്‌കാഘാതമായി കണക്കാക്കുകയില്ല.
ലോകത്ത് ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത് മസ്തിഷ്‌കാഘാതം മൂലമാണ്. 2001ല്‍ ലോകമാകെ മസ്തിഷ്‌കരക്തചംക്രമണ രോഗങ്ങള്‍ മൂലം 5.5 ദശലക്ഷം ആളുകള്‍ മരണപ്പെട്ടതായാണ് കണക്ക്. 2004ല്‍ ഇത് 5.7 ദശലക്ഷമായി വര്‍ധിച്ചു. 2030 ആകുമ്പോഴും മസ്തിഷ്‌കാഘാതം ആളെക്കൊല്ലിരോഗങ്ങളില്‍ രണ്ടാംസ്ഥാനത്തുതന്നെ തുടരുമെന്നും മൊത്തം മരണങ്ങളില്‍ മസ്തിഷ്‌കാഘാതമരണങ്ങളുടെ ശതമാനം 9.6%ത്തില്‍ നിന്ന് 10.6% ആയി വര്‍ധിക്കുമെന്നുമാണ് പ്രവചനം.
മസ്തിഷ്‌കാഘാത രോഗികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലാണ്. വ്യക്തിജീവിതത്തെ സമഗ്രമായി ബാധിക്കുന്ന രോഗമാണിത്. ശരീരത്തിനുണ്ടാകുന്ന ബലക്ഷയം മൂലം രോഗികള്‍ പൂര്‍ണമായോ ഭാഗികമായോ മറ്റുള്ളവരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്ഥായിയോ താല്‍ക്കാലികമോ ആയ വൈകല്യം മൂലം ഉല്‍പാദനക്ഷമമായ വര്‍ഷങ്ങള്‍ രോഗിയുടെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. സമയത്തുള്ള ചികിത്സയോ ശരിയായ പുനരധിവാസമോ ലഭിക്കാത്തതുമൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വികസ്വരരാജ്യങ്ങളിലെ രോഗികള്‍ക്ക് വൈകല്യംമൂലം നഷ്ടപ്പെടുന്ന ജീവിതവര്‍ഷങ്ങള്‍ വികസിതരാജ്യങ്ങളിലെ രോഗികളുടേതിന്റെ 7 ഇരട്ടിയോളം വരും. ഇനി യുവാക്കളില്‍ എങ്ങനെ രോഗം കൂടുന്നെന്ന് പരിശോധിക്കാം.
കാരണങ്ങള്‍ ഇവ
- ഉയര്‍ന്ന രക്തസമ്മര്‍ദം
- പ്രമേഹം, കൊളസ്‌ട്രോള്‍
- ജനിതക കാര്യങ്ങള്‍
- പൊണ്ണത്തടി
- പുകവലി
മേല്‍പറഞ്ഞ കാരണങ്ങളാണ് മസ്തിഷ്‌കാഘാതത്തിന് പ്രധാന കാരണങ്ങള്‍. യുവാക്കളിലും ഇവരാണ് വില്ലന്‍മാരാകുന്നത്. ഇവ ഒഴിവാക്കുകയാണ് രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. രക്താതിമര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദ്രോഗം, അമിതമായി എണ്ണ, കൊഴുപ്പ്, ഉപ്പ്, മധുരം, അന്നജം എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതുമായ ആഹാരം എന്നിവ നിയന്ത്രിച്ചു നിര്‍ത്തല്‍, പുകവലി, മാനസിക സമ്മര്‍ദം ഒഴിവാക്കല്‍, സ്ഥിരമായ ശാരീരിക വ്യായാമം, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മത്സ്യം, പരിപ്പ് വര്‍ഗ്ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, കൊഴുപ്പ് കുറഞ്ഞ മാംസം തുടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണം എന്നിവയിലൂടെ മസ്തിഷ്‌കാഘാത സാധ്യത കുറയ്ക്കാം. നേരത്തേ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗിക്ക് അടിയന്തര ചികിത്സ നല്‍കുകയാണെങ്കില്‍ നാഡീക്ഷയത്തിന്റെയും പക്ഷാഘാതത്തിന്റെയും ആക്കം കുറയ്ക്കാനാവും.