Kerala
ഓണ്‍ലൈന്‍ അപേക്ഷകരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി എംബി രാജേഷ്
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സേവനം ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും
തിരുവനന്തപുരം | തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പരാതി നല്‍കുന്നതിനും പ്രശ്ന പരിഹാരം തേടുന്നതിനുമായി പൊതുജനങ്ങള്‍ക്കായി കോള്‍ സെന്ററും വാട്സ്ആപ്പ് നമ്പറും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എംബി രാജേഷ്. സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അഴിമതി പൂര്‍ണമായി തടയാനുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മഹാഭൂരിപക്ഷവും ഇപ്പോള്‍ ഓണ്‍ലൈനിലാണ്. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നവരെ കൃത്യമായ കാരണമില്ലാതെ നേരിട്ട് വിളിച്ചുവരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സേവനം ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും.ഓരോ അപേക്ഷയും സമര്‍പ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓണ്‍ലൈനിലും ഓഫ്ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂര്‍ണമായ അപേക്ഷകളില്‍ സേവനാവകാശ നിയമപ്രകാരം പരിഹാരം/സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീപ്റ്റിനൊപ്പം അപേക്ഷകന് നല്‍കും.
പുതിയ രേഖകള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാല്‍ ആവശ്യപ്പെടാനാവില്ല. പൊതുജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നിലവിലുള്ള 66 ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനല്‍കും. കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജ്യണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും, മുന്‍സിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിര്‍വഹിക്കുക.സേവനം ലഭ്യമാക്കേണ്ട സമയ പരിധി, ഓരോ സീറ്റിലും ഫയല്‍ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സേവന ബോര്‍ഡ്, ഹാജര്‍ ബോര്‍ഡ്, അദാലത്ത് സമിതി/സേവനാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരികള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍, പരാതിപ്പെടാനുള്ള നമ്പര്‍ എന്നിവ കൃത്യതയോടെ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കാനാവാത്ത പരാതികള്‍, സ്ഥിരം അദാലത്ത് സമിതികള്‍ക്ക് കൈമാറി തുടര്‍നടപടി ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു