International
അഫ്ഗാനില്‍ ശക്തമായ ഭൂചലനം; പ്രകമ്പനം ഡല്‍ഹിയിലും
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്സി) അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ബാഗ്ലാനിന് 164 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഡല്‍ഹി- എന്‍സിആറിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു.
തെക്കന്‍ ഫിലിപ്പീന്‍സില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിലും ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.