Connect with us

earthquake

തുര്‍ക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം: മരണം 300 കവിഞ്ഞു, വൻ നാശനഷ്ടം

സിറിയയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.

Published

|

Last Updated

ഇസ്താന്‍ബൂള്‍/ അലെപ്പോ | തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം മൂന്നൂറിലേറെയായി. സിറിയയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സർക്കാറിൻ്റെ നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിൽ 237 പേരുടെ മരണം സ്ഥിരീകരിച്ചു. തുർക്കിഷ് അനുകൂല സംഘടനകൾ നിയന്ത്രിക്കുന്ന വടക്കൻ ഭാഗങ്ങളിൽ എട്ട് പേരും മരിച്ചിട്ടുണ്ട്. തുർക്കിയിൽ 76 മരണമുണ്ടായെന്നാണ് അധികൃതർ അറിയിച്ചത്. ജനങ്ങൾ ഉറങ്ങുന്ന സമയത്താണ് ദുരന്തമെന്നതിനാൽ മരണം ഉയരാനുള്ള സാധ്യതയുണ്ട്. നിരവധി കെട്ടിടങ്ങൾ അടക്കം തകർന്ന് വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് (യു എസ് ജി സി) അറിയിച്ചു. അതേസമയം തീവ്രത 7.4 ആണെന്ന് തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സിയായ അഫാഡ് പറഞ്ഞു. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ വീണ്ടും ചലനമുണ്ടായെന്നും യു എസ് ജി സി അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം.

തെക്കന്‍ തുർക്കി നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ- ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് ഗാസിയന്‍തേപ്. 17.9 കി മീ ആഴത്തിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ അങ്കാറയിലും മറ്റ് നഗരങ്ങളിലും അയൽരാജ്യങ്ങളായ ലെബനോനിനും സൈപ്രസിലും ഈജിപ്തിലും പ്രകമ്പനങ്ങളുണ്ടായി. സിറിയയിൽ അലെപ്പോ, ലതാകിയ, ഹമ, ടർടസ് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ ദുരന്തമുണ്ടായത്.

ലോകത്തെ ഏറ്റവും സജീവമായ ഭൂചലന മേഖലയാണ് തുര്‍ക്കി. 1999ലാണ് ഒടുവില്‍ ഏറ്റവും ആള്‍നാശം വിതച്ച ഭൂകമ്പം തുര്‍ക്കിയിലുണ്ടായത്. ഡ്യൂഷെയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തില്‍ 17,000ലധികം പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ ഇസ്താന്‍ബൂളില്‍ മാത്രം മരിച്ചു.

---- facebook comment plugin here -----

Latest