International
മൊറോക്കോയിൽ ശക്തമായ ഭൂചലനം; 296 പേർ മരിച്ചു
120 വർഷത്തിനിടെ ഈ പ്രദേശത്ത് അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
റാബത്ത് | ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 296 പേർ മരിച്ചു. 153 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂചലനത്തിന്റെ തീവ്രത 7.2 ആണെന്ന് മൊറോക്കൻ ജിയോളജിക്കൽ സെന്റർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവ്വേ റിപ്പോർട്ടുകൾ പ്രകാരം 6.8 ആണ് ഭൂചലനത്തിനറെ തീവ്രത രേഖപ്പെടുത്തിയത്. 120 വർഷത്തിനിടെ ഈ പ്രദേശത്ത് അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി മൊറോക്കൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ആളുകൾ ഭയവിഹ്വലരായി ഓടുന്നത് കാണാം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്രപ്രസിദ്ധമായ മാരാക്കേച്ചിലെ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ചുവന്ന മതിലുകളുടെ ഭാഗങ്ങളും ഭൂകമ്പത്തിൽ തകർന്നു.
മാരാകേഷ് നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ അറ്റ്ലസ് പർവതനിരകൾക്ക് സമീപമുള്ള ഇഗിൽ എന്ന ഗ്രാമമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 18.5 കിലോമീറ്റർ താഴെയാണ്.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, വടക്കേ ആഫ്രിക്കയിൽ ഭൂകമ്പങ്ങൾ വളരെ അപൂർവമാണ്. നേരത്തെ 1960ൽ അഗാദിറിന് സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അന്ന് ആയിരക്കണക്കിന് ആളുകൾ മരിച്ചിരുന്നു.