National
യോഗിക്കെതിരെ ശക്തമായ നീക്കം; യു പി ബി ജെ പിയില്‍ തര്‍ക്കം രൂക്ഷം
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യോഗിക്കെതിരായ നിലപാടുകളുമായി രംഗത്തെത്തിയിട്ടുള്ളത്.
![](https://assets.sirajlive.com/2021/11/yogi-criminal-960x538.jpg)
ലക്‌നൗ | യു പി ബി ജെ പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കം ശക്തമാക്കി ഒരു വിഭാഗം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യോഗിക്കെതിരായ നിലപാടുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതോടെ പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം.
പ്രതികൂല സാഹചര്യത്തില്‍ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയെയും കണ്ട് സ്ഥിതിഗതികള്‍ വിശദീകരിക്കുമെന്നാണ് അറിയുന്നത്.
കേശവ് പ്രസാദ് മൗര്യ ഇന്നലെ ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സംഘടനയുടെ ഉത്തരവാദിത്വങ്ങള്‍ മാത്രമാക്കി പ്രവര്‍ത്തനം ചുരുക്കാമെന്ന് കേശവ് പ്രസാദ് മൗര്യ പാര്‍ട്ടി നേതാക്കളോട് പറഞ്ഞതായി സൂചനയുണ്ട്. 2016 മുതല്‍ 2017 വരെ യുപി ബിജെപി അധ്യക്ഷനായിരുന്നു കേശവ് പ്രസാദ് മൗര്യ.