Connect with us

Articles

കരുത്തുള്ള വിദ്യാര്‍ഥിത്വം നിലനില്‍ക്കണം

'ശരികളുടെ ആഘോഷം' എന്നതാണ് സംഘടനയുടെ ഇക്കാലത്തെ പ്രമേയം. ശരികള്‍ കാണുന്ന കണ്ണുകള്‍ പ്രധാനമാണ്. പാതി ഒഴിഞ്ഞ വെള്ളപ്പാത്രം കാണുമ്പോള്‍ തന്നെ പാതി നിറഞ്ഞ വെള്ളപ്പാത്രവും നമുക്ക് കാണാന്‍ കഴിയുന്നുണ്ടോ എന്നതാണ് വലിയ ചോദ്യം.

Published

|

Last Updated

ഒരു സര്‍വകലാശാല മാനവികതക്കും സഹിഷ്ണുതക്കും ആശയങ്ങളുടെ സാഹസികതക്കും സത്യാന്വേഷണത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാചകം അതിപ്രസക്തമാണ്. വിദ്യാര്‍ഥി നിര്‍വഹിക്കേണ്ട സാമൂഹിക ദൗത്യത്തെ കാതലുള്ള ചര്‍ച്ചകള്‍ക്ക് നിരന്തരം വിധേയമാക്കണം. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മുന്നോട്ട് പോകേണ്ട വഴിയും ഏറ്റെടുക്കേണ്ട പ്രമേയങ്ങളും കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി കേരളത്തിന്റെ ആലോചനയിലുണ്ട്. പുതിയ കാലത്തെ കുറിച്ചും ഭാവികാല സംവേദനങ്ങളെ കുറിച്ചും ഏറ്റവും ക്രിയാത്മകമായ ആലോചനകള്‍ സ്വരൂപിക്കേണ്ടത് വിദ്യാര്‍ഥികളാണ്. അതിന് അനുസൃതമായ പാഠ്യപദ്ധതികളും പഠനരീതികളും ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്. അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഫലം നമ്മളറിയുന്നുണ്ട്. അഥവാ വിദ്യാര്‍ഥികളാണ് സമൂഹത്തിന്റെ നിലയും നിലവാരവും നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം.

1973 ഏപ്രില്‍ 29ന് എസ് എസ് എഫ് രൂപമെടുത്തത് ഈ വിദ്യാര്‍ഥി പ്രയോഗത്തിന്റെ അനന്ത സാധ്യതകളെ തൊട്ടുകൊണ്ടായിരുന്നു. ക്ഷുഭിത യൗവനം എന്ന അധിക വിശേഷം അക്കാലത്തിനുണ്ടായിരുന്നുവെങ്കിലും, സാമാന്യ ജനസഞ്ചയത്തെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ എന്നത് അത്ര സാമൂഹിക പ്രധാനമായ പ്രമേയമോ വ്യവഹാരമോ ആകാതിരുന്ന കാലത്താണ് എസ് എസ് എഫിന്റെ വരവ്. അഥവാ അമ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്.

ഇസ്ലാമിക വിശ്വാസം നല്‍കുന്ന മഹത്തായ പ്രവര്‍ത്തന ഭൂമികയുടെയും ആത്മീയ ആലോചനകളുടെയും ചൂടും ചൂരുമാണ് ഈ സംഘത്തെ നയിച്ചത്. മധ്യമ സമീപനം എന്ന സുന്ദരമായ വിശ്വാസ പ്രയോഗത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ എസ് എസ് എഫിന്റെ രൂപവത്കരണ കാലത്തെ പ്രധാന നോട്ടമായിരുന്നു എന്ന് നിശ്ചയമായും പറയാനാകും.

എസ് എസ് എഫ് എന്ന മുസ്ലിം വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആലോചനകളും പ്രമേയങ്ങളും സുതാര്യമാണ്. രാഷ്ട്രീയോദ്ഗ്രഥനത്തെയും സാംസ്‌കാരികാഭിവൃദ്ധിയെയും ആദര്‍ശവിശുദ്ധിയെയും സംബന്ധിച്ചാണ് വലിയൊരു കാലം സംഘടന ചിന്തിച്ചു കൊണ്ടിരുന്നത്. സമൂഹത്തിന്റെ നിര്‍ണായക ആസ്തി എന്ന നിലയില്‍ വിദ്യാര്‍ഥികളെ ഉണര്‍വോടെയും ഊര്‍ജത്തോടെയും നിര്‍ത്താനാണ് സംഘടന ശ്രമിച്ചത്. കാലികമായ പ്രമേയങ്ങളെ രൂപപ്പെടുത്തുന്നതില്‍ എസ് എസ് എഫിനുള്ള കരുത്ത് ശ്രദ്ധേയമാണ്.

വിദ്യാഭ്യാസം, സാഹിത്യം, പരിസ്ഥിതി, മാധ്യമം, ചിന്ത തുടങ്ങിയ പ്രമേയങ്ങളില്‍ വിദ്യാര്‍ഥി വ്യവഹാരങ്ങളെ നിരന്തരം എന്‍ഗേജ് ചെയ്ത്, കാല, ദേശ, സ്വത്വ ബോധമുള്ള വിദ്യാര്‍ഥി കൂട്ടത്തെ രൂപപ്പെടുത്തുന്നതില്‍ സംഘടന വിജയിച്ചിട്ടുണ്ട്. വികാരങ്ങള്‍ക്ക് അഗ്‌നി പടര്‍ത്തുകയായിരുന്നില്ല എസ് എസ് എഫ് എന്നതിന് ചരിത്രം സാക്ഷിയാണ്. വിചാരത്തെ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ക്ക് വലിയ സൗന്ദര്യവും സ്വാധീനവുമുണ്ടെന്ന് പ്രസ്ഥാനം വിദ്യാര്‍ഥികളോടും സമൂഹത്തോടും പറഞ്ഞു. അതാണ് ശരിയെന്ന ബോധ്യം വളര്‍ന്നുവന്നു. ജ്ഞാനികളോടും ജ്ഞാനാനുഭവങ്ങളോടും മനുഷ്യ ഭാഷയില്‍ ഇടപഴകണമെന്ന്, ഭൂമിയില്‍ എല്ലാവര്‍ക്കും നന്മ ആഗ്രഹിക്കണമെന്ന്, ഗുരുശ്രേഷ്ഠര്‍, രക്ഷിതാക്കള്‍, പ്രായഭേദമുള്ളവര്‍ എന്നിവരോട് കടും വാക്കരുതെന്ന്, പരിസ്ഥിതിയോട് ആര്‍ത്തി അരുതെന്ന് തുടങ്ങിയ അനേകം പാഠങ്ങള്‍ ശിരസ്സാവഹിക്കുന്ന എണ്ണമറ്റ വിദ്യാര്‍ഥി സമൂഹത്തെ രൂപപ്പെടുത്തിയ എസ് എസ് എഫ്, അവര്‍ക്ക് തീര്‍ച്ചയുള്ള നിലപാടുകളും കാഴ്ചപ്പാടുകളും സ്വരൂപിക്കാനുള്ള ശേഷി സമ്മാനിച്ചു.

അരാഷ്ട്രീയതയെ വലിയ രാഷ്ട്രീയ ആഖ്യാനമായി കൊണ്ടുനടക്കുന്ന ജീവിത രീതികളെ പ്രസ്ഥാനം തിരുത്തി കൊണ്ടിരിക്കുന്നു. സാമൂഹിക ബാധ്യതകളില്ലാത്ത പൊങ്ങുജീവിതത്തോടെന്ന പോലെ, മോഡേണിറ്റിയുടെ സ്വതന്ത്ര ബോധത്തോടും അതിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന അധമ ജീവിത ബോധങ്ങളോടും വിസമ്മതം രേഖപ്പെടുത്താന്‍ കരുത്തുണ്ടാകണം എന്ന് പ്രസ്ഥാനം നിഷ്‌കര്‍ഷിക്കുന്നു.

‘ശരികളുടെ ആഘോഷം’ എന്നതാണ് സംഘടനയുടെ ഇക്കാലത്തെ പ്രമേയം. ശരികള്‍ കാണുന്ന കണ്ണുകള്‍ പ്രധാനമാണ്. വിമര്‍ശങ്ങളും ആക്ഷേപങ്ങളും മാത്രം കാണുന്ന മഞ്ഞക്കണ്ണുകള്‍ പലപ്പോഴും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വലിയൊരു വെളുത്ത പ്രതലത്തില്‍ ഒരു ചെറുകറുത്ത ബിന്ദു അടയാളപ്പെടുത്തി, ഗുരു ശിഷ്യരോട് ചോദിച്ചത്, നിങ്ങള്‍ ഇവിടെ എന്ത് ദര്‍ശിക്കുന്നു എന്നാണ്. കറുത്ത ബിന്ദു എന്ന് ശിഷ്യരെല്ലാം പറഞ്ഞപ്പോള്‍, അല്ല, കുറേ വെളുത്ത പ്രതലമാണ് ഞാന്‍ കാണുന്നത് എന്നാണ് ഗുരു പറഞ്ഞത്. ഏതാണ്ടിങ്ങനെയാണ് നമ്മുടെ സമൂഹം. പാതി ഒഴിഞ്ഞ വെള്ളപ്പാത്രം കാണുമ്പോള്‍ തന്നെ പാതി നിറഞ്ഞ വെള്ളപ്പാത്രവും നമുക്ക് കാണാന്‍ കഴിയുന്നുണ്ടോ എന്നതാണ് വലിയ ചോദ്യം.

ശരികള്‍ ആഘോഷിക്കപ്പെടേണ്ടതുണ്ട്. തെറ്റുകളെ ചൊല്ലിയുള്ള സംവാദങ്ങളും അലര്‍ച്ചകളും മാത്രം നിറഞ്ഞു നിന്നാല്‍ നമ്മളൊരു മോശം സമൂഹമെന്ന വിചാരം നമ്മെ ഭരിക്കും. അപ്പോള്‍ ശരികളിലേക്ക് വഴികള്‍ കാണാതെ വരും. വരുംതലമുറയെ സ്വസ്ഥമായി ജീവിക്കാന്‍ വിടാതെ പഴിച്ചു കൊണ്ടേയിരിക്കും.

മാറുന്ന കാലത്തെയും ജീവിതത്തെയും സംബന്ധിച്ച് സമൂഹത്തിന് വലിയ കാഴ്ചപ്പാട് വേണം. വേഗവും ആധിക്യവും ഈ കാലത്തിന്റെ പ്രധാന സ്വഭാവമായി മാറിയിട്ടുണ്ട്. പഴയ കാലത്തേതു പോലെ എണ്ണപ്പെട്ട സൗഹൃദങ്ങളും പരിമിതമായ ദൂരവും വേഗവുമല്ല പുതിയ കാല മനുഷ്യരുടെ ചുറ്റുപാട്. അവര്‍ ലോകത്തോട് സംവദിച്ചു കൊണ്ടിരിക്കുന്നവരാണ്. പരമാവധി ശേഷികള്‍ പിശുക്കില്ലാതെയും നിപുണതയോടെയും അവതരിപ്പിക്കാന്‍ അവര്‍ക്ക് അവസരമുണ്ട്. വലിയ സാധ്യതകളുടെ പ്രപഞ്ചമാണിത്. വലിയ ദൈര്‍ഘ്യമെടുത്ത് പഠിച്ചെടുക്കേണ്ട അനുഭവമല്ല ഇപ്പോഴത്തേത്. ജ്ഞാനലോകം സദാ സമയവും തുറന്നിരിപ്പാണ്. പാഠശാലകളുടെ പടിവാതില്‍ അടച്ചാല്‍ അനാഥരാകുന്ന വിദ്യാഭ്യാസ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഈ സമ്പന്ന ലോകത്തെ കുറിച്ചാണ് നമ്മുടെ സംവാദം. അവയിലെ ശരികളിലേക്ക് വഴി കാണിക്കുകയാണ് നാം ചെയ്യേണ്ടത്.

 

Latest