Oman
ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; മരിച്ചവരുടെ എണ്ണം 14 ആയി
മൂന്നു പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

മസ്‌കത്ത് | ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. കൂടുതല്‍ ദുരിതം ബാധിച്ച വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്ന് വാദിയില്‍ അകപ്പെട്ട ഒരാളുടെയും മറ്റൊരു സ്ത്രീയുടെയും മൃതദേഹം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ കണ്ടെത്തി. ഇതോടെ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മൂന്നു പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ശക്തമായ മഴയിലും തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും മരണപ്പെട്ടവരില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. ഒരു മലയാളിയും മരിച്ചവരില്‍ ഉള്‍പ്പെടും. പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാര്‍ (55) ആണ് ബിദിയയിലെ സനയയ്യില്‍ ഇന്നലെ മരിച്ചത്. ഇദ്ദേഹം നടത്തിയിരുന്ന വര്‍ക്ക്‌ഷോപ്പിന്റെ മതില്‍ തകര്‍ന്നാണ് അപകടം.
വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലും അതീവ ജാഗ്രത കൈക്കൊള്ളാന്‍ റോയല്‍ ഒമാന്‍ പോലീസിന്റെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെയും നിര്‍ദേശമുണ്ട്.