india-australia t20
അടിച്ചുതകര്‍ത്തു, പിടിച്ചുകെട്ടാനായില്ല; ആദ്യ ടി20 ഓസീസിന്
നാല് വിക്കറ്റിനാണ് ഓസീസ് ജയം.
മൊഹാലി | ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് ത്രയങ്ങളുടെ മികച്ച ബാറ്റിംഗില്‍ ആസ്‌ത്രേലിയക്കെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ആദ്യ ടി20 മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് പരാജയം. നാല് വിക്കറ്റിനാണ് ഓസീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ഓസീസിന്റെ മറുപടി നാല് ബോള്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സായിരുന്നു.
ഓപണര്‍ കാമറൂണ്‍ ഗ്രീനിന്റെ അര്‍ധ സെഞ്ചുറി (30 ബോളില്‍ 61) ഓസീസ് സ്‌കോര്‍ അതിവേഗം ചലിക്കുന്നതിന് കാരണമായി. ഇടക്ക് തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മാത്യു വേഡ് ഒരറ്റത്ത് നിലയുറപ്പിച്ച് വിജയം സമ്മാനിക്കുകയായിരുന്നു. വേഡ് 21 ബോളില്‍ 45 റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ഉമേഷ് യാദവ് രണ്ടും യുസ്വേന്ദ്ര ചാഹല്‍ ഒന്നും വിക്കറ്റ് കൊയ്തു.
ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ചുറി നേടി. രാഹുല്‍ 55ഉം പാണ്ഡ്യ 30 ബോളില്‍ 71ഉം റണ്‍സെടുത്തു. സൂര്യകുമാര്‍ 46 റണ്‍സ് നേടിയിരുന്നു. ഓസീസ് ബോളര്‍മാരില്‍ നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ഹാസില്‍വുഡ് രണ്ടും കാമറോണ്‍ ഗ്രീന്‍ ഒന്നും വിക്കറ്റെടുത്തു.