Connect with us

Articles

കെ എസ് പുട്ടസ്വാമിയുടെ പോരാട്ടങ്ങള്‍

ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമായി സ്വകാര്യതക്കുള്ള അവകാശം കടന്നുവന്നത് അത്രതന്നെ സ്വാഭാവികമായല്ല. അതിന് പിന്നില്‍ കെ എസ് പുട്ടസ്വാമിയെന്ന മുന്‍ ന്യായാധിപന്റെ പൗരാവകാശങ്ങളോടുള്ള പ്രതിബദ്ധതയും പോരാടാനുള്ള ഉറച്ച മനസ്സും പ്രധാന ഘടകമായി. രാജ്യത്തെ പരമോന്നത കോടതി സ്വകാര്യതയെ പൗരന്മാരുടെ മൗലികാവകാശമായി പ്രഖ്യാപിക്കാന്‍ നിദാനമായ ഹരജിയിലെ വ്യവഹാരക്കാരനാണ് ഇന്നലെ വിടപറഞ്ഞ കെ എസ് പുട്ടസ്വാമി.

Published

|

Last Updated

ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങളിലൊന്നാണല്ലോ. ഭരണഘടനയില്‍ ഏറ്റവും പുരോഗമനപരവും നിര്‍മാണാത്മകവുമായി കാലാന്തരത്തില്‍ വ്യാഖ്യാന വൈപുല്യം നേടിയ അനുഛേദം ഒരുപക്ഷേ ഇരുപത്തൊന്നാമത്തേതായിരിക്കും. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം വ്യത്യസ്ത അടരുകളിലേക്ക് വികസിക്കുകയായിരുന്നു. ഭക്ഷണവും പാര്‍പ്പിടവും ആരോഗ്യവും തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി ലഭിക്കാനുള്ള അവകാശത്തില്‍ ചെന്നെത്തി നില്‍ക്കുന്നു ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള പൗരാവകാശം. അപ്പോഴും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ പൗരാവകാശ കേന്ദ്രീകൃതമായ, കാലാനുസൃത വളര്‍ച്ചയുടെ ഭാഗമായി സംഭവിച്ചതാണ് 21ാം അനുഛേദത്തിന്റെ വികാസമെന്ന് പറയാം. കേസ് ഫയല്‍ ചെയ്യാന്‍ ഇരക്ക് മാത്രം അവകാശമുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് പൊതുതാത്പര്യ ഹരജിയിലേക്കും അനന്തരം കോടതിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ജയില്‍പ്പുള്ളിയുടെ കത്ത് പോലും ഹരജിയായി കണക്കാക്കുന്ന വിശാല നീതി കാഴ്ചപ്പാടിലേക്കും രാജ്യത്തിന്റെ ജുഡീഷ്യറി വികസിച്ചപ്പോള്‍ അതിന്റെ ഭാഗമായി ജീവിക്കാനുള്ള അടിസ്ഥാന അവകാശവും പൗരോന്മുഖമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. അങ്ങനെ വരുമ്പോള്‍ ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ വിപുലമായ വ്യാഖ്യാനങ്ങള്‍ സ്വാഭാവിക പരിണാമമായിരുന്നു. എന്നാല്‍ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമായി സ്വകാര്യതക്കുള്ള അവകാശം കടന്നുവന്നത് അത്രതന്നെ സ്വാഭാവികമായല്ല. അതിന് പിന്നില്‍ കെ എസ് പുട്ടസ്വാമിയെന്ന മുന്‍ ന്യായാധിപന്റെ പൗരാവകാശങ്ങളോടുള്ള പ്രതിബദ്ധതയും പോരാടാനുള്ള ഉറച്ച മനസ്സും പ്രധാന ഘടകമായി. രാജ്യത്തെ പരമോന്നത കോടതി സ്വകാര്യതയെ പൗരന്മാരുടെ മൗലികാവകാശമായി പ്രഖ്യാപിക്കാന്‍ നിദാനമായ ഹരജിയിലെ വ്യവഹാരക്കാരനാണ് ഇന്നലെ വിടപറഞ്ഞ കെ എസ് പുട്ടസ്വാമി.

സ്വകാര്യതക്കുള്ള അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന് കീഴില്‍ വരുന്ന മറ്റു പല മൗലികാവകാശങ്ങളേക്കാള്‍ പ്രധാനമാകുന്നത് എന്തുകൊണ്ടാണെന്നത് പുതിയ കാലത്ത് ബോധ്യമാകാന്‍ പ്രയാസമില്ല. ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ കുതിപ്പിനൊപ്പം പൗരജീവിതം നാള്‍ക്കുനാള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നു. സ്വകാര്യതയുടെയും വ്യക്തി വിവരങ്ങളുടെയും സംരക്ഷണം പൗരന്‍മാര്‍ ഭരണകൂടത്തിന്റെ മേല്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ മാത്രം ഗ്യാരന്റിയില്‍ നിലനില്‍ക്കുമ്പോള്‍ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ഊന്നിപ്പറയാന്‍ നീതിപീഠത്തെ ജാഗ്രത്താക്കുകയായിരുന്നു കെ എസ് പുട്ടസ്വാമി. സര്‍വ മേഖലകളിലും ഏകാധിപത്യത്തിന് ശ്രമിക്കുകയും അമിതാധികാര പ്രവൃത്തികളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഭരണകൂടം രാജ്യത്തെ പൗരന്മാരെ തങ്ങളുടെ റഡാറിനകത്ത് നിരന്തര നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ അവസരം കാത്തുകിടക്കുന്ന കാലത്ത് കെ എസ് പുട്ടസ്വാമിയുടെ പൗരാവകാശ പോരാട്ടത്തിന് വലിയ പ്രസക്തിയുണ്ട്.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയ നിയമ വ്യവഹാരങ്ങളിലൊന്നാണ് 2012ല്‍ കെ എസ് പുട്ടസ്വാമി പ്രധാന ഹരജിക്കാരനായി ഫയല്‍ ചെയ്ത ആധാര്‍ കേസ്. 1976ലെ ഹേബിയസ് കോര്‍പസ് കേസ് ഉള്‍പ്പെടെ മൂന്ന് പ്രധാന നിയമ വ്യവഹാരങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളെ അടിമേല്‍ മറിച്ചിട്ടാണ് ആധാര്‍ കേസില്‍ സ്വകാര്യത മൗലികാവകാശമാണെന്ന് പരമോന്നത നീതിപീഠം അടിവരയിട്ടത്. 1962ലെ ഖരക് സിംഗ് കേസ്, 1954ലെ എം പി ശര്‍മ കേസ് എന്നിവയായിരുന്നു മറ്റു രണ്ട് നിയമ വ്യവഹാരങ്ങള്‍. ഇന്ത്യന്‍ ഭരണഘടനക്ക് കീഴില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു പ്രസ്താവിത കേസുകളില്‍ സുപ്രീം കോടതിയുടെ അന്തിമ വിധികള്‍.

കേന്ദ്ര സര്‍ക്കാറിന്റെ ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി കയറിയ മുന്‍ ന്യായാധിപന്‍ കൂടിയായ കെ എസ് പുട്ടസ്വാമി എക്കാലത്തും ഓര്‍മിക്കപ്പെടുന്ന വിധിയാണ് പരമോന്നത കോടതിയില്‍ നിന്ന് നേടിയെടുത്തത്. ആധാര്‍ പദ്ധതി നീതിപീഠം റദ്ദാക്കിയില്ലെങ്കിലും സ്വകാര്യത മൗലികാവകാശമാണെന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഒറ്റസ്വരത്തില്‍ വിധിയെഴുതി. ആധാര്‍ പദ്ധതിയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളും കോടതി നിര്‍ദേശിച്ചു. 2017 ആഗസ്റ്റ് 24ന് പ്രസ്തുത വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിന് നേതൃത്വം നല്‍കിയത് ചീഫ് ജസ്റ്റിസായിരുന്ന ജെ എസ് ഖഹാറായിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ ഭാഗമാകുകയും ചെയ്തിരുന്നു. സ്വകാര്യത മൗലികാവകാശം തന്നെയെന്ന് അര്‍ഥശങ്കയില്ലാതെ അടിവരയിട്ട നീതിപീഠം അത് നിഷേധിക്കപ്പെടുക രാജ്യ താത്പര്യത്തിന് പുറത്ത് മാത്രമാണെന്നും ചൂണ്ടിക്കാട്ടി. മറ്റു മൗലികാവകാശങ്ങളും രാഷ്ട്ര താത്പര്യത്തിന് പുറത്ത് നിയന്ത്രിക്കപ്പെടുമെന്ന പോലെ സ്വകാര്യതക്കുള്ള അവകാശവും അനിവാര്യ ഘട്ടങ്ങളില്‍ ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുമെന്ന് ചുരുക്കം.

കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ജുഡീഷ്യല്‍ ഹിസ്റ്ററിയിലെ പരിചിത നാമമായി മാറിയ കെ എസ് പുട്ടസ്വാമി 1952ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 1977ല്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം ഒമ്പത് വര്‍ഷത്തെ ജുഡീഷ്യല്‍ കരിയറിനൊടുവില്‍ 1986ല്‍ വിരമിച്ചു. ന്യായാധിപനായിരുന്നിട്ടും ജുഡീഷ്യല്‍ കരിയറിനപ്പുറത്തെ ഇടപെടലുകളുടെ പേരില്‍ അടയാളപ്പെടുത്തിയ ജീവിതങ്ങള്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തുലോം കുറവാണ്. ആ ഇടമാണ് റിട്ട. ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയുടേത്. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതക്കുള്ള അവകാശത്തിന് വേണ്ടി നിലകൊണ്ട അദ്ദേഹം തൊണ്ണൂറ്റൊമ്പതാം വയസ്സില്‍ വിടപറയുമ്പോഴും ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഒരു നിയമം രാജ്യത്തില്ലെന്നത് നിരാശാജനകം തന്നെ.

 

Latest