From the print
വിരലടയാളത്തില്‍ കുടുങ്ങി; വഴിത്തിരിവായി കീച്ചേരി കവര്‍ച്ചാ ബന്ധം
സ്വര്‍ണവും പണവും സൂക്ഷിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയില്‍. പ്രതിക്ക് നാട്ടില്‍ ആരുമായും അടുത്ത ബന്ധമില്ല.
കണ്ണൂര്‍ | വളപട്ടണം കവര്‍ച്ചാ കേസില്‍ പ്രതി ലിജീഷിനെ കുടുക്കിയത് വിരലടയാളം. കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പോലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലിജീഷ് ആണെന്ന് വ്യക്തമായതും അറസ്റ്റിലേക്ക് നയിച്ചതും. ഒന്നര വര്‍ഷം മുമ്പ് ഗള്‍ഫില്‍ കാര്‍ഗോ നടത്തുന്ന നിയാസ് എന്നയാളുടെ വീട്ടിലായിരുന്നു കീച്ചേരിയിലെ അന്നത്തെ കവര്‍ച്ച. ഈ വീട്ടില്‍ പ്രതി വെല്‍ഡിംഗ് ജോലികള്‍ നടത്തിയിരുന്നു. മേല്‍ക്കൂരയില്‍ ഇയാള്‍തന്നെ ഇട്ട ഷീറ്റ് ഇളക്കിമാറ്റിയാണ് അകത്തു കയറി മോഷണം നടത്തിയത്.
കീച്ചേരിയിലെ വീട്ടുടമ ഹൃദയാഘാതം വന്ന് മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പായിരുന്നു സംഭവം. അവിടെ നിന്ന് ലിജീഷ് 11 പവനും നാലരലക്ഷം രൂപയും മോഷ്ടിച്ചിരുന്നു. തൊണ്ടിമുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല. ആ വിരലടയാളം പോലീസ് സൂക്ഷിച്ചുവെച്ചിരുന്നു.
അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയതോടെയാണ് സമാന മോഷണ സംഭവങ്ങളിലേക്ക് പോലീസ് അന്വേഷണം നടത്തിയത്. ഇതോടെയാണ് കീച്ചേരിയിലെ മോഷണവും പോലീസ് പരിശോധിച്ചത്. ഈ മോഷണം നടക്കുന്ന വേളയില്‍ സി സി ടി വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതില്‍ കഷണ്ടിയുള്ളയാളാണ് മോഷ്ടാവ് എന്നാണ് വ്യക്തമായത്. ഇതോടെയാണ് രണ്ട് മോഷണങ്ങളും തമ്മിലുള്ള സാമ്യം പോലീസ് കണ്ടെത്തിയത്. ഇത് അന്വേഷണത്തില്‍ വഴിത്തിരിവായി മാറുകയും ചെയ്തു.
ലിജീഷിന്റെ ഫോണില്‍ വളപട്ടണം കവര്‍ച്ചയുടെ വാര്‍ത്തകള്‍ നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിരുന്നു. സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് മോഷ്ടിച്ച സ്വര്‍ണവും പണവും സൂക്ഷിച്ചത്. അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിവസം വീണ്ടും ലിജീഷ് എത്തിയത് സ്വര്‍ണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പോലീസ് പറഞ്ഞു.ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പോലീസും നാട്ടുകാരും. തന്നെ സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ മോഷണശേഷം നാട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇയാളുടെ വീട്ടുകാര്‍ക്കും സംശയമൊന്നും തോന്നിയില്ല.
അഷ്‌റഫിന്റെ വിവരങ്ങളെല്ലാം കൃത്യമായി അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് ആദ്യം മുതല്‍ തന്നെ സംശയിച്ചിരുന്നു. പരിശോധനക്കിടെ പോലീസ് നായ മണം പിടിച്ച് പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയാണ്. ഇയാളെ കഴിഞ്ഞ കുറച്ചു ദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു. മുന്പ് ഇതേ രീതിയില്‍ കുറ്റം ചെയ്തിട്ടുള്ള ഒരാള്‍ തന്നെയാകാം പ്രതിയെന്ന് ആദ്യമേ സംശയമുണ്ടായിരുന്നു. തെളിയിക്കപ്പെടാത്ത കേസുകളിലെ സി സി ടി വി ദൃശ്യങ്ങളും ഫിംഗര്‍ പ്രിന്റും പരിശോധിച്ചു. ഒടുവിലാണ് അന്വേഷണം ലിജീഷിലേക്ക് എത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സി സി ടി വിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കയറിയതായും തെളിഞ്ഞിരുന്നു. സി സി ടി വിയില്‍ മുഖം വ്യക്തമല്ലായിരുന്നു. ജനലും ലോക്കറുമെല്ലാം കൂടുതല്‍ പരുക്കില്ലാതെ കൃത്യമായി മുറിച്ചുമാറ്റിയത് വെല്‍ഡിംഗ് വൈദഗ്ധ്യമുള്ള ഒരാളാകാം മോഷ്ടാവെന്ന നിഗമനത്തിലെത്താന്‍ പോലീസിന് സഹായകമായി. ആദ്യത്തെ ദിവസത്തെ മോഷണം കഴിഞ്ഞ് രണ്ടാം ദിവസവും പ്രതി വീട്ടിനുള്ളില്‍ കടന്നതായി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു.
അഷ്‌റഫ് മടങ്ങിവന്നിട്ടില്ലെന്ന് കൃത്യമായി അറിയുന്നയാളാണ് പ്രതിയെന്ന് ഇതില്‍ നിന്നും പോലീസ് മനസ്സിലാക്കി. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാള്‍ക്ക് അത് തുറക്കാനാവില്ലെന്നും വിലയിരുത്തി. വീട്ടിലെ ലോക്കറിന് മുകളില്‍ മരത്തിന്റെ മറ്റൊരു അറ നിര്‍മിച്ചാണ് സ്വര്‍ണവും പണവും സൂക്ഷിച്ചത്. താക്കോല്‍ മറ്റൊരു അലമാരയിലും അതിന്റെ താക്കോല്‍ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്. ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോല്‍ എടുത്തിരിക്കുന്നത്. അഷ്‌റഫിന്റെ അരി മൊത്തക്കച്ചവട സ്ഥാപനമായ അഷ്‌റഫ് ട്രേഡേഴ്സ് വീടിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സ്ഥാപനത്തില്‍ സൗകര്യമൊരുക്കിയതിനാല്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ തൊഴിലാളികള്‍ അറിയുമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരുടെയും വിശ്വാസവും ധാരണയും തെറ്റിച്ചാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ കവര്‍ച്ച വളപട്ടണത്ത് നടന്നത്. നാട്ടില്‍ ആരുമായും അത്ര അടുത്ത ബന്ധമില്ലാത്തയാളാണ് പിടിയിലായ പ്രതി.
വെറും 40 മിനുട്ടില്‍ മോഷണം
വെല്‍ഡിംഗ് തൊഴിലാളിയായ ലിജീഷ് വെറും 40 മിനുട്ടാണ് മോഷണത്തിനായി എടുത്തത്. 15 മിനുട്ടിനുള്ളില്‍ തന്നെ ജനല്‍ അറുത്തുമാറ്റി വീടിന്റെ അകത്ത് കടന്ന് മോഷണശ്രമം തുടങ്ങി. എല്ലാം കഴിഞ്ഞ് സി സി ടി വിയില്‍ കാണുന്നത് പോലെ ഫോണ്‍ വിളിച്ച് കവര്‍ച്ച നടന്ന വീടിന്റെ മുന്നിലൂടെ നടന്നു. പുതിയതെരുവിലെ മെഡിക്കല്‍ ഷോപ്പിലെത്തി മരുന്നുകള്‍ വാങ്ങുകയും തിരിച്ച് വീട്ടിലെത്തി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു.
ലോക്കര്‍ തുറക്കാനായി ഉപയോഗിച്ച ഉളി വീട്ടില്‍ മറന്നുവെച്ചതോടെ വീണ്ടും അഷ്‌റഫിന്റെ വീട്ടില്‍ കയറി. ഉളി കണ്ടെത്താനായില്ല. സി സി ടി വി യില്‍ ദൃശ്യം പതിയാതിരിക്കാന്‍ ക്യാമറ തിരിച്ച് വച്ചിരുന്നു. ലോക്കര്‍ റൂമിന്റെ സൈഡിലേക്ക് ക്യാമറ തിരിച്ച് വെച്ചതും ലിജീഷിനെ കുടുക്കി. ലോക്കര്‍ തുറക്കുന്നതും പണം ശേഖരിക്കുന്നതും സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഭാര്യയും മാതാവും ആശുപത്രിയില്‍ പോയ സമയത്ത് ഒരു മണിക്കൂര്‍ കൊണ്ട് നിര്‍മിച്ച ലോക്കറിലേക്ക് പണവും സ്വര്‍ണാഭരണങ്ങളും മാറ്റുകയായിരുന്നു.