Kerala
മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍: ബാലാവകാശ കമ്മീഷന്‍ കേസെടുക്കും
സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും.
തിരുവനന്തപുരം | മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുക്കും. സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഏറെ ഗൗരവമുള്ള വിഷയമാണിതെന്നും വിദ്യാലയങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.
തന്നെ എം ഡി എം എ കാരിയറായി ഉപയോഗിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി നടത്തിയത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് കുട്ടിയെ ലഹരി വില്‍പ്പനയുടെ കണ്ണിയാക്കിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ് മുതല്‍ ലഹരി ഉപയോഗിച്ചു വരികയാണെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.