Idukki
വിദ്യാര്‍ഥിയുടെ കോഷന്‍ ഡെപ്പോസിറ്റ് തടഞ്ഞുവച്ചു; കോളജിന് 20,000 രൂപ പിഴ
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിക്ക് ലഭിക്കാനുള്ള കോഷന്‍ ഡപ്പോസിറ്റ് നല്‍കിയില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കാതിരുന്നതാണ് കുറ്റം.
ഇടുക്കി | വിദ്യാര്‍ഥിയുടെ കോഷന്‍ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസാണ് പിഴ ഒടുക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിം തിരുവനന്തപുരത്ത് നടത്തിയ വിചാരണക്ക് ശേഷമാണ് ഈ ഉത്തരവിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിക്ക് ലഭിക്കാനുള്ള കോഷന്‍ ഡപ്പോസിറ്റ് നല്‍കിയില്ലെന്ന് കാണിച്ച് പിതാവ് കോട്ടയം അമ്പാറനിരപ്പേല്‍ പെരുമ്പള്ളില്‍ പി പി സുരേഷ് കുമാറിന്റെ വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കാതിരുന്നതാണ് കുറ്റം.
കോളജിലേക്ക് കുട്ടി തുക വല്ലതും നല്‍കാന്‍ കുടിശ്ശികയുണ്ടോ എന്ന് നോക്കിയിട്ട് ഡെപ്പോസിറ്റ് ബാക്കിയുണ്ടെങ്കില്‍ നല്‍കാമെന്ന് അറിയിച്ച കോളജ് അധികൃതര്‍ കോഴ്‌സ് കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പ്രശ്‌നം തീര്‍പ്പാക്കിയില്ല. 2022 നവംബറിലും 2023 മേയ് മാസത്തിലും നല്‍കിയ പരാതികളോടും ജൂണ്‍, നവംബര്‍ മാസങ്ങളില്‍ വിവരാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതിനോടും പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല. 2024 ജനുവരി 18 ന് കമ്മീഷന്‍ തിരുവനന്തപുരത്തേക്ക് ഹിയറിംഗിന് വിളിച്ചിട്ടും പ്രിന്‍സിപ്പല്‍ എത്തിയില്ല. കമ്മീഷന്‍ സമന്‍സയച്ച് 2024 മേയ് ഒമ്പതിന് വരുത്തിയപ്പോള്‍ നല്‍കിയ മൊഴിയും തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
വിവരങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുകയും വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തതും ശിക്ഷക്ക് കാരണമായി. ഈ മാസം 30 നകം പിഴയൊടുക്കണം. ഇക്കാര്യം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ കലക്ടര്‍ മുഖേന ജപ്തി നടപടിയിലൂടെ തുക വസൂലാക്കുമെന്നും ഉത്തരവിലുണ്ട്.