Connect with us

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥി പിടിയില്‍

പാലക്കാട് എന്‍ജിനീയറിങ്ങ് കോളേജ് നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി എസ് യദുവിനെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു

Published

|

Last Updated

പാലക്കാട് | കോളജില്‍ നിന്ന് സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം ഫോട്ടോയെടുത്ത അശ്ലീല അടിക്കുറിപ്പുകളോടെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പോസ്റ്റ് ചെയ്യല്‍ പതിവാക്കിയ വിദ്യാര്‍ഥി അറസ്റ്റില്‍.

പാലക്കാട് എന്‍ജിനീയറിങ്ങ് കോളേജ് നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി എസ് യദുവിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ശ്രീകൃഷ്ണപുരം പോലീസ് കോളജിലെത്തി യദുവിന്റെ ഫോണ്‍, ലാപ്‌ടോപ് എന്നിവ കസ്റ്റഡിയിലെടുത്തു. യദുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

20 ലേറെ വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. യദുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ചിത്രം ശ്രദ്ധയില്‍പ്പെട്ട മറ്റു കോളജുകളിലെ വിദ്യാര്‍ഥികളാണ് പെണ്‍കുട്ടികളെ ഇക്കാര്യമറിയിച്ചത്. ഫോട്ടോ കണ്ട് അന്വേഷിക്കുന്നവരോട് പെണ്‍കുട്ടിയെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുക പ്രതിയുടെ രീതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ വിദ്യാര്‍ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. പ്രതിക്കെതിരെ ആദ്യം ദുര്‍ബല വകുപ്പുകള്‍ ചുമത്തിയ പോലീസ് പിന്നീട് ഐ ടി ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പ് കൂടി ചേര്‍ത്തു.