Kerala
റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; നാലുപേര്‍ അറസ്റ്റില്‍
സംഭവത്തില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത് രാജ് എന്നിവരെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തൃശൂര്‍ | റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. ചിറ്റിലപ്പിളളി ഐ ഇ എസ് എന്‍ജിനീയറിങ് കോളജിലാണ് സംഭവം. ബി ടെക് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി സഹല്‍ അസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത് രാജ് എന്നിവരെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 10 പേരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പരസഹായമില്ലാതെ ചലിക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള സഹല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ശരീര വേദനയുമായി ഹോസ്റ്റലില്‍ കഴിയുന്നതിനിടെ അധ്യാപകരെത്തിയാണ് സഹലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ 29 ന് കോളജ് കാമ്പസില്‍ വച്ചായിരുന്നു മര്‍ദനം. സഹലിന്റെ സഹപാഠിയോട് ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാന്‍ സംഘം അവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇത് തടയാന്‍ ശ്രമിച്ച സഹലിനെ ആക്രമിക്കുകയായിരുന്നു. ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ തന്നെ വീണ്ടും വളഞ്ഞിട്ട് ചവിട്ടിയതായി സഹല്‍ പറയുന്നു.