Uae
വിദ്യാര്‍ഥിനിക്ക് പൊള്ളലേറ്റ സംഭവം; സ്‌കൂള്‍ ഉടമയും അധ്യാപകനും നഷ്ടപരിഹാരം നല്‍കാന്‍ വിധി
ചൂടാക്കിയ വാക്‌സ് മുഖത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്

അബുദബി | വിദ്യാര്‍ഥിനിയുടെ മുഖത്ത് പൊള്ളലേറ്റ സംഭവത്തില്‍ നഴ്‌സറി സ്‌കൂള്‍ ഉടമയും അധ്യാപകനും നഷ്ടപരിഹാരം നല്‍കാന്‍ വിധി . ഇരുവരും ചേര്‍ന്ന് കുട്ടിയുടെ രക്ഷിതാവിന് 10,000 ദിര്‍ഹം നല്‍കണമെന്നാണ് അബുദാബി കോടതി വിധിച്ചിരിക്കുന്നത്. ഇവരുടെ അശ്രദ്ധയാണ് കുട്ടിക്ക് പൊള്ളലേല്‍ക്കുന്നതിന് കാരണമായതെന്നും കോടതി കണ്ടെത്തി. ചൂടാക്കിയ വാക്‌സ് മുഖത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. അധ്യാപകന്‍ വാക്‌സ് പേസ്റ്റ് അശ്രദ്ധമായി കുട്ടിയുടെ ക്ലാസ് മുറിയില്‍ വെച്ചിട്ട് പോവുകയായിരുന്നുവെന്നും അത് കാരണം കുട്ടിക്ക് രണ്ടാം ഡിഗ്രി തീവ്രതയിലുള്ള പൊള്ളലേറ്റുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. കുട്ടിക്ക് പൊള്ളലേറ്റത് കാരണം തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി നഷ്ടപരിഹാരം വേണമെന്നാണ് അച്ഛന്‍ ആവശ്യപ്പെട്ടത്.
അപകടം കാരണം കുട്ടിയെ ചികിത്സിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി താന്‍ പണം ചെലവഴിക്കേണ്ടി വന്നുവെന്നും ഇത് സ്‌കൂള്‍ ഉടമയില്‍ നിന്നും അധ്യാപകനില്‍ നിന്നും ഈടാക്കണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. കുട്ടിക്ക് രണ്ടാം ഡിഗ്രിയിലുള്ള പൊള്ളലേറ്റിരുന്നുവെന്ന് കോടതി നിയോഗിച്ച ഫോറന്‍സിക് ഡോക്ടറും റിപ്പോര്‍ട്ട് നല്‍കി. മുറിവ് ചികിത്സിച്ചുവെന്നും കുട്ടിയുടെ ശരീരത്തില്‍ ഇപ്പോള്‍ അടയാളങ്ങളൊന്നും ബാക്കിയില്ലെന്നും സ്ഥിരമായ വൈകല്യമൊന്നും സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് ആദ്യം പരിഗണിച്ച അബുദാബി ക്രിമിനല്‍ കോടതി അധ്യാപകനും സ്‌കൂള്‍ ഉടമയ്ക്കും 15,000 ദിര്‍ഹം വീതം പിഴ വിധിച്ചിരുന്നു. നഷ്ടപരിഹാരം തേടി കുട്ടിയുടെ പിതാവ് സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇരുവരും ചേര്‍ന്ന് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടിയുടെ പിതാവിന്റെ കോടതി ചെലവുകള്‍ വഹിക്കണമെന്നും ഉത്തരവിട്ടത്