National
നീറ്റ് പരീക്ഷയില്‍ രണ്ടാമതും പരാജയപ്പെട്ട വിഷമത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; പിന്നാലെ പിതാവും
മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം വീട്ടിലെത്തിയ ശെല്‍വകുമാര്‍ ഞായറാഴ്ച അര്‍ധരാത്രി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ചെന്നൈ| നീറ്റ് പരീക്ഷയില്‍ രണ്ടാം തവണയും പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി. മകന്റെ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പിതാവ് തൂങ്ങിമരിച്ചു. ചെന്നൈയിലെ ക്രോമപേട്ടക്ക് സമീപത്തെ കുറിഞ്ഞി സ്വദേശി എസ്. ജഗദീശ്വരന്‍ (19) ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. മകന്‍ ജഗദീശ്വരന്റെ വിയോഗത്തെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പിതാവ് പി. ശെല്‍വകുമാര്‍. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം വീട്ടിലെത്തിയ ശെല്‍വകുമാര്‍ ഞായറാഴ്ച അര്‍ധരാത്രി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്ക് നോടിയിരുന്നു ജഗദീശ്വരന്‍. എന്നാല്‍ നീറ്റ് പരീക്ഷ രണ്ടുതവണ എഴുതിയിട്ടും പാസാകാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും പരീക്ഷക്ക് തയാറെടുക്കാന്‍ പിതാവ് ജഗദീശ്വരനെ ചെന്നൈ അണ്ണാനഗറിലെ നീറ്റ് പരിശീലന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന ജഗദീശ്വരന്‍ ശനിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ജീവനൊടുക്കുകയായിരുന്നു.
പുറത്തു പോയിരുന്ന പിതാവ്, മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരിയോട് മകനെ നോക്കാന്‍ പറഞ്ഞു. ഇവര്‍ എത്തി നോക്കുമ്പോഴാണ് ജഗദീശ്വരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇവരുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് വിവാദം വീണ്ടും ചര്‍ച്ചയാകുകയാണ്. 2017ന് ശേഷം ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ പാസാകാന്‍ കഴിയാത്തതിന്റെ മാനസിക സംഘര്‍ഷത്തില്‍ ജീവനൊടുക്കിയത്. നീറ്റ് ആഗ്രഹിക്കുന്നവരോട് ആത്മഹത്യാ പ്രവണതകള്‍ കാണിക്കരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.
നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021ല്‍ ഡി.എം.കെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍.എന്‍. രവി ഒപ്പിടാന്‍ തയാറായില്ല. നീറ്റ് വിരുദ്ധ ബില്‍ ഒപ്പിടുന്ന പ്രശ്നമില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.