sfi against transport minister
വിദ്യാർഥി കൺസഷൻ: ഗതാഗത മന്ത്രിക്കെതിരെ എസ് എഫ് ഐ
കൺസഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ് എഫ് ഐ
തിരുവനന്തപുരം | വിദ്യാർഥി ബസ് കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അഭിപ്രായം അപക്വമാണെന്നും കൺസഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ് എഫ് ഐ. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് ബസ് കൺസഷനെന്നും എസ് എഫ് ഐ സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.
കൺസഷൻ വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നുമുള്ള മന്ത്രിയുടെ അഭിപ്രായം പ്രതിഷേധാർഹമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സർക്കാറിൻ്റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ:കെ എം സച്ചിൻ ദേവ് എം എൽ എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കൺസഷൻ വിദ്യാർഥികൾക്ക് നാണക്കേടാണെന്ന് മന്ത്രി ആൻ്റണി രാജു അഭിപ്രായപ്പെട്ടത്.