Connect with us

National

ഡല്‍ഹി ഐ എ എസ് പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; ലൈബ്രറിയും ക്ലാസ്‌റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായെന്ന് കണ്ടെത്തല്‍

റാവൂസ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന് മുന്നില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി ഐ എ എസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്മെന്റിന് ഫയര്‍ഫോഴ്‌സ് എന്‍ഒസി നല്‍കിയത് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹി ഫയര്‍ഫോഴ്‌സ് പരിശോധന റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പരിശോധന നടത്തുമെന്ന് എംസിഡി അറിയിച്ചു.

അതേസമയം, ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള റാവൂസ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന് മുന്നില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ പേര് വിവരങ്ങള്‍ പുറത്തു വിടുക, എഫ്‌ഐആര്‍ കോപ്പി ലഭ്യമാക്കുക, സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഓടകള്‍ കാര്യക്ഷമമാക്കുക, മരിച്ചവര്‍ക്ക് ഒരു കോടി രൂപ ധനസഹായം, മേഖലയിലെ വാടക നിരക്കുകള്‍ നിയമ വിധേയമാക്കുക, ബെസ്മെന്റിലെ ക്ലാസ് മുറികള്‍, ലൈബ്രറികള്‍ പൂര്‍ണമായും അടച്ചു പൂട്ടുക, കോച്ചിംഗ് സെന്ററുകള്‍ക്ക് മുന്നില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ്‌വിദ്യാര്‍ത്ഥികളുടെ ആവശ്യം.

റാവൂസ്  സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം. കനത്ത മഴയില്‍ ബേസ്മെന്റിലേക്ക് പൊടുന്നനെ വെള്ളം ഇരച്ചെത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ നാല് മണിക്കൂറിലധികം ബേസ്‌മെന്റില്‍ കുടുങ്ങിക്കിടക്കുകയും വെള്ളത്തില്‍ മുങ്ങി ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആദ്യ മൃതദേഹം രാത്രി 10.40നും രണ്ടാമത്തെ മൃതദേഹം രാത്രി 11.18നും മൂന്നാമത്തെ മൃതദേഹം പുലര്‍ച്ചെ 1.05നുമാണ് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുമായി ധര്‍ണയിരുന്നു. കെട്ടിടത്തില്‍ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ സ്ഥാപന ഉടമയേയും കോര്‍ഡിനേറ്ററേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

 

Latest