Connect with us

Kerala

കോഴിക്കോട് അധ്യാപകന്റെ ക്രൂരമര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്; പൊലീസ് കേസെടുത്തു

അറബിക് അധ്യാപകന്‍ കമറുദ്ദീന്‍ മര്‍ദിച്ചെന്നാണ് പരാതി.

Published

|

Last Updated

കോഴിക്കോട്|അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകന്‍ കമറുദ്ദീന്‍ മര്‍ദിച്ചെന്നാണ് പരാതി. മാഹിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്തു. ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മര്‍ദനം. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീന്‍. വരാന്തയിലൂടെ പോവുകയായിരുന്ന കമറുദ്ദീന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. കുട്ടിക്ക് കൈയില്‍ പൊട്ടലില്ലെന്നാണ് വിവരം. ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹിന് പുലര്‍ച്ചയോടെയാണ് വേദന കൂടിയത്.

രാത്രി ഒരു മണിയോടെയാണ് മാഹിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകര്‍, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.