Kerala
കൊല്ലത്ത് വിദ്യാര്‍ത്ഥിയെ കൊന്നത് പ്രണയപ്പകയെ തുടര്‍ന്ന്;പ്രതി വന്നത് യുവതിയെയും കൊല്ലാനുദ്ദേശിച്ച്
ഫെബിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു

കൊല്ലം| കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പകയെ തുടര്‍ന്നെന്ന് പോലീസ്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയ്ക്ക് ബേങ്കില്‍ ജോലി കിട്ടിയ ശേഷം വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തേജസ് രാജുമായുള്ള ബന്ധം വീട്ടുകാര്‍ക്കും താല്‍പര്യമില്ലായിരുന്നു. ഇതേതുടര്‍ന്ന് യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പോലീസ് പറയുന്നത്.
കുത്തികൊലപ്പെടുത്തുന്നതിന് മുന്‍പ് ഫെബിന്റെയും പിതാവ് ജോര്‍ജ് ഗോമസിന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോള്‍ ഒഴിച്ചിരുന്നു. കൃത്യത്തിന് പിന്നില്‍ പ്രതി തനിച്ചാണെന്നും പോലീസ് പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ട്രെയിനിടിച്ചാണ് മരണം.ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ്.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍ ജോര്‍ജ് ഗോമസ്. ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസിനും കുത്തേറ്റു. ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കാറിലെത്തിയാണ് തേജസ് രാജ് കൃത്യം നടത്തിയത്. മുഖം മറച്ചാണ് പ്രതിയെത്തിയത്. ആദ്യം പിതാവ് ജോര്‍ജ് ഗോമസിനെയാണ് ആക്രമിച്ചത്. ഫെബിനെ കൊലപ്പെടുത്താന്‍ തേജസ് എത്തിയ കാര്‍ റെയില്‍വേ പാതക്ക് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി.