National
ഓൺലൈൻ ഗെയിം കളിക്കാൻ സമ്മതിച്ചില്ല; വിദ്യാർഥി മാതാപിതാക്കളെയും സഹോദരിയെയും കൊന്നു
21കാരനായ കോളജ് വിദ്യാർഥി പിതാവിനെയും മാതാവിനെയും സഹോദരിയെയും കല്ലോ കനമുള്ള മറ്റെന്തെങ്കിലും വസ്തുവോ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഭവാനി ശങ്കർ ഉദ്ഗത പറഞ്ഞു

ഭുവനേശ്വർ | ഓൺലൈൻ ഗെയിം കളിക്കുന്നത് വിലക്കിയതിന് ഒഡിഷയിൽ വിദ്യാർഥി മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി.
ജഗത്‌സിംഗ്പൂർ ജില്ലയിലെ ജയബാദ സേതി സാഹിയിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. 21കാരനായ കോളജ് വിദ്യാർഥി പിതാവിനെയും മാതാവിനെയും സഹോദരിയെയും കല്ലോ കനമുള്ള മറ്റെന്തെങ്കിലും വസ്തുവോ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഭവാനി ശങ്കർ ഉദ്ഗത പറഞ്ഞു. മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനെ എതിർത്തതിന് പ്രതിയായ സുർജ്യകാന്ത് സേതി മാതാപിതാക്കളോടും സഹോദരിയോടും കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജഗത്‌സിംഗ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് പ്രഭാസ് സാഹു പറഞ്ഞു.
കാലിയ എന്ന പ്രശാന്ത് സേതി (65), ഭാര്യ കനകലത (62), മകൾ റോസലിൻ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് പിന്നാലെ സൂർജ്യകാന്ത് ഒളിവിൽ പോകുകയും പോലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മാതാപിതാക്കളെ കൊന്നത് താനാണെന്ന് സൂർജ്യകാന്ത് കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി.
“ഗുട്ഖ’ വാങ്ങാൻ പത്ത് രൂപ നൽകാത്തതിന് പിതാവിനെ കൊന്നു
ലഹരിവസ്തു വാങ്ങാൻ പത്ത് രൂപ നൽകാത്തതിന് നാൽപ്പതുകാരനായ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊന്നു. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. കൊലപാതകത്തിനു ശേഷം, പിതാവിന്റെ അറുത്തെടുത്ത തലയുമായെത്തി പ്രതി സമീപത്തെ ചന്ദുവ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പുകയില ഉത്പന്നമായ ഗുട്ഖ വാങ്ങാൻ പത്ത് രൂപ നൽകാൻ വിസമ്മതിച്ചതോടെ പ്രതി പ്രകോപിതനാകുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പിതാവിന്റെ തലയറുക്കുകയുമായിരുന്നെന്ന് ബാരിപാഡ സബ് ഡിവിഷനൽ പോലീസ് ഓഫീസർ പ്രവത് മല്ലിക് പറഞ്ഞു.