Connect with us

editorial

വിദ്യാര്‍ഥി കുടിയേറ്റവും പ്രത്യാഘാതങ്ങളും

2018ല്‍ 1,29,763 ആണ് ഉപരിപഠനാര്‍ഥം വിദേശത്തേക്ക് പലായനം ചെയ്ത കേരളീയ വിദ്യാര്‍ഥികളുടെ എണ്ണമെങ്കില്‍ 2023ല്‍ 2,50,000 ആയി വര്‍ധിച്ചു. 17 വയസ്സ് മുതല്‍ തുടങ്ങുന്നു വിദ്യാര്‍ഥി കുടിയേറ്റമെന്നും പ്രവാസി മലയാളികളില്‍ 11.3 ശതമാനവും വിദ്യാര്‍ഥികളാണെന്നും ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Published

|

Last Updated

കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ കുടിയേറ്റത്തിലുണ്ടായ വര്‍ധന ഗൗരവതരമാണ്. ഉപരിപഠനാര്‍ഥം കേരളം വിടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടിയോളം വര്‍ധനവുണ്ടായതായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠന റിപോര്‍ട്ടില്‍ പറയുന്നു. 2018ല്‍ 1,29,763 ആണ് ഉപരിപഠനാര്‍ഥം വിദേശത്തേക്ക് പലായനം ചെയ്ത കേരളീയ വിദ്യാര്‍ഥികളുടെ എണ്ണമെങ്കില്‍ 2023ല്‍ 2,50,000 ആയി വര്‍ധിച്ചു. 17 വയസ്സ് മുതല്‍ തുടങ്ങുന്നു വിദ്യാര്‍ഥി കുടിയേറ്റമെന്നും പ്രവാസി മലയാളികളില്‍ 11.3 ശതമാനവും വിദ്യാര്‍ഥികളാണെന്നും ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത റിപോര്‍ട്ട് വ്യക്തമാക്കുന്നു.

വിദ്യാര്‍ഥി കുടിയേറ്റം മലയാളികള്‍ക്കിടയില്‍ പുതിയ പ്രവണതയല്ലെങ്കിലും സാമ്പത്തികമായി ഉന്നത ശ്രേണിയിലുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മുന്‍കാലങ്ങളില്‍ പഠനാവശ്യാര്‍ഥം കടല്‍ കടന്നു പോയിരുന്നത്. ഇന്ന് ദൈനംദിന ചെലവുകള്‍ മാത്രം വഹിക്കാന്‍ ശേഷിയുള്ള കുടുംബങ്ങളില്‍ നിന്ന് വരെ വിദ്യാര്‍ഥികള്‍ കുടിയേറ്റം നടത്തുന്നുണ്ട്. നൈപുണി വികസനം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് നിലവാരമില്ലായ്മ, സംസ്ഥാനത്തെ തൊഴില്‍ സാധ്യതാ കുറവ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സൗകര്യങ്ങളുടെ അപര്യാപ്തത, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഇന്റര്‍നെറ്റ് ഉപയോഗത്തിലുണ്ടായ വര്‍ധന മൂലം വിദേശ രാജ്യങ്ങളിലെ പഠന സൗകര്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലുണ്ടായ അവബോധം, രക്ഷിതാക്കളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും വന്ന മാറ്റം, രാജ്യാന്തര റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനം, വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടങ്ങി വിദ്യാര്‍ഥി കുടിയേറ്റത്തിന്റെ കാരണങ്ങള്‍ പലതാണ്. റഷ്യ-യുക്രൈന്‍ യുദ്ധവേളയില്‍ വിദ്യാര്‍ഥി കുടിയേറ്റം ചര്‍ച്ചാ വിഷയമായിരുന്നു. നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ആ മേഖലയിലുണ്ടെന്ന് അന്ന് “ഓപറേഷന്‍ ഗംഗ’യിലൂടെ കണ്ടെത്തുകയുണ്ടായി.

എവിടെ പഠിക്കണമെന്നു തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശമുണ്ട്. എന്നാല്‍ കേരളത്തിന് അത്ര സുഖകരമല്ല വിദ്യാഭ്യാസ കുടിയേറ്റം. സാമ്പത്തിക ചോര്‍ച്ച, മസ്തിഷ്‌ക ചോര്‍ച്ച തുടങ്ങി കേരളത്തിന് പല വിധേനയും ദോഷകരമാണ് ഈ പ്രവണത. പ്രതിവര്‍ഷം ദശലക്ഷങ്ങള്‍ വേണം ഒരു വിദ്യാര്‍ഥിക്ക് വിദേശ സര്‍വകലാശാലയില്‍ പഠിക്കാന്‍. കേരളത്തില്‍ ക്രയവിക്രയം ചെയ്യേണ്ട പണമാണ് കുടിയേറ്റ വിദ്യാര്‍ഥികള്‍ വിദേശ രാഷ്ട്രങ്ങളില്‍ ചെലവിടുന്നത്. പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് പഠനാവശ്യാര്‍ഥം വിദേശ കുടിയേറ്റം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക ചോര്‍ച്ച അത്ര ചെറുതല്ല. 2021ലെ കണക്കനുസരിച്ച് രാജ്യത്തെ കുടിയേറ്റ വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശ രാജ്യങ്ങളില്‍ ചെലവിടുന്നത് പ്രതിവര്‍ഷം 690.9 കോടി ഡോളര്‍ (ഏകദേശം 59,417 കോടി രൂപ) ആണ്. രാജ്യത്തിന്റെ പുറത്തേക്കു പോകുന്ന ധനത്തിന്റെ 30.24 ശതമാനം (യാത്രാ ചെലവ് ഉള്‍പ്പെടെ) വരുമിത്. 2014-15 വര്‍ഷത്തില്‍ യു കെ ഇക്കോണമിയുടെ ഗ്രോസ് ഔട്ട്പുട്ടിലേക്ക് 25.8 ബില്യന്‍ വന്നെത്തിയത് കുടിയേറ്റ വിദ്യാര്‍ഥികളില്‍ നിന്നായിരുന്നുവത്രെ. വിദേശ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസായിരുന്നു ഇതേ കാലയളവില്‍ യു കെയിലെ സര്‍വകലാശാലകളിലെ മൊത്തം വരുമാനത്തിന്റെ 14 ശതമാനവും.

പഠനം പൂര്‍ത്തിയാക്കി സംസ്ഥാനത്ത്, അല്ലെങ്കില്‍ ഇന്ത്യയിലെവിടെയെങ്കിലും ജോലിക്കു കയറുകയല്ല, വിദേശത്ത് ജോലി സമ്പാദിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കുകയാണ് വിദ്യാഭ്യാസത്തിന് വേണ്ടി കടല്‍ കടക്കുന്ന നല്ലൊരു വിഭാഗം വിദ്യാര്‍ഥികളുടെയും ലക്ഷ്യം. മികച്ച വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള യുവാക്കള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് വികസിത രാജ്യങ്ങള്‍. 2030 ആകുമ്പോഴേക്ക് ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെയും ചൈനയില്‍ മൂന്ന് ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നാണ് അടുത്തിടെ വന്ന ഒരു റിപോര്‍ട്ടില്‍ പറയുന്നത്.

മസ്തിഷ്‌ക ചോര്‍ച്ചയാണ് കുടിയേറ്റത്തിന്റെ മറ്റൊരു പ്രത്യാഘാതം. സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും വികസനത്തിനും പുരോഗതിക്കും വിനിയോഗിക്കേണ്ട കഴിവും ബുദ്ധിയുമാണ് വിദ്യാര്‍ഥി കുടിയേറ്റത്തിലൂടെ നഷ്ടപ്പെടുന്നത്. കേരളത്തിന്റെ ഏറ്റവും മികച്ച ആസ്തി മസ്തിഷ്‌കങ്ങളാണ്. കേരളീയ യുവത്വത്തെ ഇവിടെ തന്നെ ഉപയോഗപ്പെടുത്താനാകണം.

വിദ്യാര്‍ഥികളെ വിദേശ രാജ്യങ്ങളിലേക്കാകര്‍ഷിക്കുന്ന ഘടകങ്ങളെ പഠന വിധേയമാക്കി, അവര്‍ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ കേരളത്തില്‍ തന്നെ സജ്ജമാക്കുകയാണ് കുടിയേറ്റം നിയന്ത്രിക്കാനുള്ള മാര്‍ഗം. സംസ്ഥാനത്ത് മൂന്ന് സര്‍വകലാശാലകള്‍ മാത്രമാണ് ആഗോള റാങ്കിംഗില്‍ ആദ്യ ഇരുനൂറില്‍ കയറിയതെന്ന വസ്തുത ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് പരിഹരിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതോടൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. യു കെ, യു എസ് എ, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ വികസിത രാജ്യങ്ങള്‍ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത് തൊഴില്‍ സാധ്യത ചൂണ്ടിക്കാട്ടിയാണ്.

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. വിദ്യാര്‍ഥികളെ പാര്‍ട്ടിക്കു വേണ്ടി ചൂഷണം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം നിഷേധിച്ചേക്കാമെങ്കിലും വിദ്യാഭ്യാസ വിചക്ഷണര്‍ ഇക്കാര്യം അടിവരയിട്ടു പറഞ്ഞതാണ്. യുവതലമുറയുടെ നല്ല ഭാവിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ അതിപ്രസരത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഭരണകൂടം തയ്യാറാകേണ്ടതാണ്.

Latest