Connect with us

Articles

വിദ്യാര്‍ഥി ആത്മഹത്യ: പരിഹാരമെന്ത്?

മൊത്തം ആത്മഹത്യ ചെയ്തവരുടെ മേഖലകള്‍ അടിസ്ഥാനപ്പെടുത്തി കണക്കുകള്‍ തിരിക്കുമ്പോള്‍ ഇന്ത്യയില്‍ നടന്ന ആത്മഹത്യകളില്‍ 8.2 ശതമാനം പങ്കും വിദ്യാര്‍ഥി ആത്മഹത്യകളാണ്. രാജ്യത്തെ വിദ്യാര്‍ഥികളുടെ ജീവിതം എത്രമാത്രം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് മനസ്സിലാക്കാന്‍ മേല്‍ പറഞ്ഞ കണക്കുകള്‍ മാത്രം മതിയാകും.

Published

|

Last Updated

നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓരോ ദിനവും നമ്മുടെ രാജ്യത്ത് 28ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. 15 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്കുള്ള രാജ്യമാണ് ഇന്ത്യ. 2020ലെ മാത്രം കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ 14,000 വിദ്യാര്‍ഥികളാണ് പല കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിച്ചത്. ഇതില്‍ 11,000 വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. 2019നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 21 ശതമാനം വര്‍ധനവ് വിദ്യാര്‍ഥി ആത്മഹത്യകളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം ആത്മഹത്യ ചെയ്തവരുടെ മേഖലകള്‍ അടിസ്ഥാനപ്പെടുത്തി കണക്കുകള്‍ തിരിക്കുമ്പോള്‍ ഇന്ത്യയില്‍ നടന്ന ആത്മഹത്യകളില്‍ 8.2 ശതമാനം പങ്കും വിദ്യാര്‍ഥി ആത്മഹത്യകളാണ്. രാജ്യത്തെ വിദ്യാര്‍ഥികളുടെ ജീവിതം എത്രമാത്രം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് മനസ്സിലാക്കാന്‍ മേല്‍ പറഞ്ഞ കണക്കുകള്‍ മാത്രം മതിയാകും.
പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. പരീക്ഷകളിലെ പരാജയം, സമപ്രായക്കാരോട് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പീഡനം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ അവയില്‍ ചിലത് മാത്രമാണ്. 2020ല്‍ 4,000 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത് പരീക്ഷകളില്‍ പരാജയപ്പെട്ട കാരണം കൊണ്ടായിരുന്നു. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ ശാലിനി ഭരത്തിന്റെ അഭിപ്രായ പ്രകാരം വിദ്യാര്‍ഥി ആത്മഹത്യകളുടെ പ്രാഥമിക കാരണം മറ്റുള്ളവരെ മറികടന്ന് മുന്നേറാനുള്ള സമ്മര്‍ദമാണ്. എന്നാല്‍, ഇതിനെല്ലാം അപ്പുറം വര്‍ധിച്ചു വരുന്ന വിദ്യാര്‍ഥി ആത്മഹത്യകള്‍ക്ക് പിന്നില്‍ വളരെ വലിയൊരു കാരണമുണ്ട്. അത് കൃത്യമായ മാനസികാരോഗ്യ പരിചരണത്തിന്റെ അഭാവമാണ്.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് കേട്ടാല്‍ ഭ്രാന്താണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന വലിയൊരു വിഭാഗം ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സ്വഭാവത്തെയും കാരണങ്ങളെയും അതിനുള്ള പ്രതിവിധികളെയും കുറിച്ച് യാതൊരു ധാരണയുമില്ലാത്ത അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിക്ക് ഉണ്ടാക്കുന്ന വിഷമങ്ങള്‍ ചെറുതല്ല. വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കാരണങ്ങള്‍ കൊണ്ടും ഒരു കാരണവും ഇല്ലാതെയും മാനസികമായ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കും. മെന്റല്‍ ഹെല്‍ത്ത് സര്‍വേ റിപോര്‍ട്ട് പ്രകാരം ഏകദേശം 56 മില്യനോളം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ മാനസികമായ പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുന്നവരാണ്. അതായത്, ഏഴില്‍ ഒരാള്‍ക്ക് വിഷാദമോ അല്ലെങ്കില്‍ മാനസികമായ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ ഉണ്ടെന്നാണ് കണക്കുകള്‍ സമര്‍ഥിക്കുന്നത്. ദി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി നടത്തിയ പഠന പ്രകാരം ഇന്ത്യയിലെ പത്തില്‍ നാല് വിദ്യാര്‍ഥികളും പല വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. 13 വയസ്സ് മുതല്‍ 20 വയസ്സ് വരെയുള്ള പ്രായം കുട്ടികളുടെ ഹോര്‍മോണല്‍ മാറ്റങ്ങളുടെ സമയമാണ്. ആ സമയത്ത് ഉണ്ടാകുന്ന ഏത് പിരിമുറുക്കങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. കുട്ടികളുടെ പ്രതികരണങ്ങള്‍ അത്തരം സമയങ്ങളില്‍ ഏത് നിലയിലാണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ കഴിയില്ല. ആത്മഹത്യാശ്രമം കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതും ഇക്കാരണം കൊണ്ടാണ്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് നടത്തിയ സര്‍വേ റിപോര്‍ട്ട് പ്രകാരം 11 ശതമാനം കോളജ് വിദ്യാര്‍ഥികളും എട്ട് ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ആത്മഹത്യാശ്രമം നടത്തിയവരാണ്. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് നല്‍കേണ്ട ശ്രദ്ധ എത്രമാത്രം അത്യാവശ്യമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

ഇത്രയെല്ലാം ഗുരുതരമായ കണക്കുകള്‍ കൺമുന്നിലുണ്ടാകുമ്പോഴും ഭരണകൂടങ്ങളുടെ നിരുത്തരവാദപരമായ സമീപനമാണ് ഈ പ്രശ്‌നത്തെ അത്യന്തം വഷളാക്കുന്നത്. ഹെല്‍ത്ത് കെയര്‍ ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും മാനസികാരോഗ്യ സംരക്ഷണത്തിനായി മാറ്റിവെക്കാന്‍ സന്നദ്ധത കാണിക്കാത്ത ഭരണകൂടവും, വിദ്യാര്‍ഥി ആത്മഹത്യകളെ തുടര്‍ന്ന് കോളജ് ഹോസ്റ്റലില്‍ നിന്ന് സീലിംഗ് ഫാനുകള്‍ മുഴുവന്‍ എടുത്തൊഴിവാക്കി പരിഹാരമായെന്ന് വിശ്വസിച്ച കോളജ് മാനേജ്മെന്റും അതിനുള്ള ചില ഉദാഹരണങ്ങളാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എന്‍ സി ഇ ആര്‍ ടി എല്ലാ വിദ്യാലയങ്ങളോടും ഒരു മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്കരിച്ച് പ്രവര്‍ത്തിക്കാന്‍ 2022 സെപ്തംബറില്‍ ഔദ്യോഗിക നിര്‍ദേശം ഇറക്കിയെങ്കിലും ഇന്നും ബഹുഭൂരിപക്ഷം സ്‌കൂളുകളും അതിന് തയ്യാറായിട്ടില്ല.
പാശ്ചാത്യ വിദ്യാഭ്യാസ ശൈലിയുടെ മാനസികാരോഗ്യ പരിചരണ സമീപനം ഏറെ ശ്രദ്ധ

ക്ഷണിക്കുന്ന ഒന്നാണ്. എജ്യുക്കേഷനല്‍ കൗണ്‍സലറുടെ സേവനം, മാനസികാരോഗ്യ ശുശ്രൂഷാ സംവിധാനങ്ങള്‍, മാനസികാരോഗ്യ സംരക്ഷണ ക്ലാസ്സുകള്‍ എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്ക് ഗുണപരമായിട്ടുള്ള നിരവധി സൗകര്യങ്ങള്‍ അവിടങ്ങളില്‍ വര്‍ഷങ്ങളായി ലഭ്യമാണ്. ഒരു രാജ്യത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട പരിഗണനയെയും പ്രാധാന്യത്തെയും കൂടിയാണ് അവ ബോധ്യപ്പെടുത്തുന്നത്.

ഇനി ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് വരാം. മേല്‍ പറഞ്ഞ രീതിയിലുള്ള ഒരു സംവിധാനവും നമുക്ക് ലഭ്യമല്ല. എന്ന് മാത്രമല്ല വിദ്യാര്‍ഥികളുടെ മാനസികമായ സൗഖ്യത്തെ പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള ഒരു സാധ്യതകളും പ്രമുഖ സ്ഥാപനങ്ങളിലുള്‍പ്പെടെ നമ്മുടെ വലിയൊരു ശതമാനം വിദ്യാലയങ്ങളിലും ഇല്ല. അത്തരം സംവിധാനങ്ങള്‍ ഉണ്ടാകുമ്പോഴേ കുട്ടികള്‍ക്ക് മനസ്സ് തുറക്കാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു തരം “നെഗറ്റീവ് സ്റ്റിഗ്മ’ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളുമായി പങ്കുവെക്കാന്‍ പോലും മടിക്കുന്നു. ഈ സ്ഥിതിവിശേഷങ്ങള്‍ മാറണമെങ്കില്‍ മാതാപിതാക്കളും അധ്യാപകരും തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. പി ടി എ മീറ്റിംഗുകള്‍ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണ ചര്‍ച്ചകള്‍ക്ക് കൂടിയുള്ള വേദിയായി മാറ്റി ഒരു സമഗ്ര സമീപനം എത്രയും വേഗം സ്വീകരിക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യയിലെ ചില സ്ഥാപനങ്ങളില്‍ അടുത്ത കാലത്തായി വന്ന പ്രശംസനീയമായ ചില മാറ്റങ്ങളെ കൂടി പറയാം. ക്യാമ്പസിനുള്ളില്‍ മാനസികാരോഗ്യ പരിചരണ കേന്ദ്രം, വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സലിംഗ് സേവനങ്ങള്‍, എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍, സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിങ്ങനെയുള്ള വിശാലമായ പാക്കേജുകളാണ് സമീപ ദിവസങ്ങളിലായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ചില സര്‍വകലാശാലകള്‍ പ്രഖ്യാപിച്ചത്. ഇത്തരം നിലവാരമുള്ള മാറ്റങ്ങളാണ് വിദ്യാലയങ്ങളില്‍ ഉണ്ടാകേണ്ടത്. മെന്റല്‍ ഹെല്‍ത്ത് പ്രൊട്ടക്്ഷന്‍ ക്ലാസ്സുകള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായും ഉറപ്പാക്കണം. മൂന്നോ നാലോ സ്‌കൂളുകള്‍ക്ക് ഒരു പ്രൊഫഷനല്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സലര്‍ എന്ന രീതിയിലെങ്കിലും സേവനങ്ങള്‍ ലഭ്യമാക്കണം. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ കുട്ടികളുടെ മാനസികാരോഗ്യ മികവ് സാധ്യമാക്കുന്ന പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഇടങ്ങളായി പഞ്ചാബിലെ പ്ലക്ഷാ യൂനിവേഴ്‌സിറ്റി സജ്ജീകരിച്ച ഇമോഷനല്‍ ലാബ് സംവിധാനവും തികച്ചും മാതൃകാപരമാണ്.
ഇതിനെല്ലാം അപ്പുറം വീടുകള്‍ കുട്ടികള്‍ക്ക് എന്ത് വിഷമങ്ങളും തുറന്ന് പറയാനും പരിഹാരം തേടാനും സൗകര്യമുള്ള ഇടങ്ങളാക്കി മാറ്റണം. കുട്ടികളുടെ ഏത് തരത്തിലുള്ള പിരിമുറുക്കങ്ങളെയും ചോദിച്ചറിയാനും സഹിഷ്ണുതയോടെ മനസ്സിലാക്കാനും ആവശ്യമായ പിന്തുണ ഉറപ്പാക്കാനും അധ്യാപകരും കൂടി തയ്യാറാകണം.

Latest