Kerala
പ്ലസ്ടു പരീക്ഷക്കിടെ ഉത്തരപേപ്പര്‍ വാങ്ങി വെച്ച സംഭവം: വിദ്യാര്‍ഥിനിക്ക് വീണ്ടും പരീക്ഷയെഴുതാം
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം

മലപ്പുറം | പ്ലസ്ടു പരീക്ഷക്കിടെ ഉത്തരപേപ്പര്‍ വാങ്ങി വെച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ ഡി ഡി ഇക്കാര്യം നേരിട്ടറിയിച്ചു. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എം അനിലും സംഘവുമാണ് വീട്ടിലെത്തിയത്. സേ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാര്‍ഥിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. എന്നാല്‍ ഈ പരീക്ഷ പൊതുപരീക്ഷയായി തന്നെ പരിഗണിക്കും.
മലപ്പുറം കെ എം എച്ച് എസ് എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനി അനാമികയുടെ ഉത്തരപേപ്പറാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ഇന്‍വിജിലേറ്റര്‍ വാങ്ങിവെച്ചത്. മറ്റ് വിദ്യാര്‍ഥിനിക്ക് ഉത്തരം പറഞ്ഞുകൊടുത്തെന്ന് ധരിച്ചായിരുന്നു നടപടി. എന്നാല്‍ അനാമികയുടെ ഭാഗത്ത് തെറ്റില്ലെന്ന് അധികാരികള്‍ക്ക് ബോധ്യമായതോടെ ഇന്‍വിജിലേറ്റര്‍ ഹബീബ് റഹ്മാനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നത്. വിദ്യാര്‍ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.