Connect with us

National

വിദ്യാര്‍ഥികളെ കൊണ്ട് സ്‌കൂള്‍ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു; പ്രഥമ അധ്യാപികക്കെതിരെ കേസ്

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ കലബുറി ജില്ലയില്‍ വിദ്യാര്‍ഥികളെകൊണ്ട് സ്‌കൂള്‍ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച പ്രഥമാധ്യാപികക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. മൗലാന ആസാദ് മോഡല്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രഥമാധ്യാപിക ജോഹര്‍ ജബീനക്കെതിരെയാണ് കര്‍ണാടക പോലീസ് കേസ് എടുത്തത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

മാസങ്ങളായി സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ കുട്ടികളെ കൊണ്ട് അധ്യാപിക വൃത്തിയാക്കിപ്പിക്കുകയും അധ്യാപികയുടെ വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടികള്‍ ഈ വിഷയത്തില്‍ പലതവണ പരാതി പറഞ്ഞിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

സ്‌കൂളിലെ ജോലികള്‍ കുട്ടികളെ കൊണ്ട് ചെയ്യാന്‍ ഇടവരുത്തരുതെന്ന് പലതവണ ആവര്‍ത്തിച്ച് താക്കീത് നല്‍കിയിട്ടും അധ്യാപികയ്ക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നെന്നും പരാതിയില്‍ പറയുന്നു.

കേസില്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Latest