Kerala
വിദ്യാര്‍ത്ഥികള്‍ക്ക് ടെന്‍ഷന്‍ വേണ്ട, ആത്മവിശ്വാസത്തോടെ ഫലം അറിയാന്‍ തയ്യാറായിരുന്നാല്‍ മതി; മന്ത്രി വി ശിവന്‍കുട്ടി
നാല് മണിയോടെ എസ് എസ് എല്‍ സി ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം|എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ടെന്‍ഷന്‍ വേണ്ടെന്നും ആത്മവിശ്വാസത്തോടെ ഫലം അറിയാന്‍ തയ്യാറായിരുന്നാല്‍ മതിയെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് മണിയോടെ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടാഴ്ച്ച മുമ്പാണ് ഫലം പ്രഖ്യാപിക്കുന്നത്.
ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലവും പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in വെബ്സൈറ്റുകളിലും പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി വിഭാഗങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫലം കാത്തിരിക്കുന്ന സ്‌കൂള്‍ പി കെ എം എം എച്ച് എസ് എടരിക്കോടാണ്. 2,085 വിദ്യാര്‍ഥികളാണ് എടരിക്കോട് സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയത്.