Connect with us

Kerala

24 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ശ്രദ്ധേയമായി മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തി.

Published

|

Last Updated

കോഴിക്കോട് | 24 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ സംഗമമായി മർകസിലെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷം. കേന്ദ്ര ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷ പരിപാടിയിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തി.

ജാതി മത വർഗ ചിന്തകൾക്കതീതമായി ദേശീയത എന്ന വികാരത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 76 വർഷങ്ങൾ പിന്നിടുമ്പോൾ രാഷ്ട്ര ശിൽപികളും ഭരണഘടനാ നിർമാതാക്കളും വിഭാവനം ചെയ്ത പൗര സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വർത്തമാനകാലത്ത് എത്രത്തോളം പ്രാവർത്തികമാണെന്നത് പൗരരും ഭരണാധികാരികാരികളും ആലോചനക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകരാജങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുംവിധം നിരന്തര പഠന പരിശീലനങ്ങളിൽ മുഴുകാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. മർകസ് സ്കൂളുകളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി, എൻ.സി.സി, മർകസ് സ്കൂൾ ബിഗ്രേഡ് ടീമംഗങ്ങളുടെ പരേഡും പ്രകടനങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിവിധ ഭാഷകളിൽ രചിച്ച സ്വാതന്ത്ര്യഗീതം വിദ്യാർഥികൾ ആലപിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, ഗുജറാത്ത് കച്ച് ഉലമ കൗൺസിൽ പ്രസിഡന്റ് അല്ലാമാ മുഹമ്മദ് സിദ്ദീഖ് റൈമ, സയ്യിദ് അൻവർശാ ബുഖാരി, അധ്യാപകർ, വിവിധ വകുപ്പുമേധാവികൾ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തെ 22 സംസ്ഥാനങ്ങളിലുള്ള വിവിധ മർകസ് ക്യാമ്പസുകളിലും ഇതേസമയം ആഘോഷപരിപാടികൾ നടന്നു. മർകസ് സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്രീ പ്രൈമറി ക്യാമ്പസുകളിലും വിവിധ മത്സരപരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.

Latest