National
ബസില്‍ തൂങ്ങിനിന്ന് യാത്രചെയ്ത വിദ്യാര്‍ത്ഥികളെ അടിച്ചു; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍
കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
![](https://assets.sirajlive.com/2023/11/ranjana-897x538.jpg)
ചെന്നൈ| ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് നിര്‍ത്തി അടിച്ചതിന് നടിയും അഭിഭാഷകയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. കുണ്‍ട്രത്തൂര്‍ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിലാണ് സംഭവമുണ്ടായത്. ബസില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്രചെയ്യുന്നത് ആ വഴി കാറില്‍ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബസ് തടയുകയായിരുന്നു.
ഇതിനിടെ ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികളിലൊരാളെ രഞ്ജന അടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രഞ്ജന അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ ഈ രീതിയില്‍ യാത്രചെയ്യുന്നത് നിങ്ങള്‍ക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.
മാങ്കാട്ട് പോലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.