Connect with us

Kerala

കളൻതോടിൽ വിദ്യാർഥികളെ മർദിച്ച സംഭവം: നാട്ടുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഒരു വിദ്യാർഥിക്ക് വെട്ടേൽക്കുകയും പതിനഞ്ചോളം വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു

Published

|

Last Updated

മുക്കം | റോഡരികിൽ വാഹനം നിർത്തിയതിനെ ചൊല്ലി കോഴിക്കോട് കട്ടാങ്ങൽ കളൻതോടിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം, മാരകായുധങ്ങൾ ഉപയോഗിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് വിദ്യാർഥികളുടെ പരാതിയിൽ കുന്ദമംഗലം പോലീസ് കേസെടുത്തത്. നാട്ടുകാരായ ആറ് പേർക്കെതിരെയാണ് കേസ്. ഇന്നലെയാണ് കളൻതോട് എം ഇ എസ് കോളജ് ഒന്നാം വർഷ വിദ്യാർഥികളും ഒരു വിഭാഗം നാട്ടുകാരും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവുമുണ്ടായത്. സംഭവത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേൽക്കുകയും പതിനഞ്ചോളം വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കോളജ് പരിസരത്തെ വീട്ടിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെത്തിയ വിദ്യാർഥികളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. വീടിനോട് ചേർന്ന റോഡിൽ മോട്ടോർ ബൈക്കുകൾ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കമുണ്ടായപ്പോൾ അവിടെ നിന്ന് ബൈക്ക് മാറ്റാൻ ശ്രമിച്ച വിദ്യാർഥിയുടെ മുഖത്ത് ഒരാൾ അടിച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.

നാട്ടുകാർ യാതൊരു പ്രകോപനങ്ങളുമില്ലാതെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും വിദ്യാർഥികൾ പറഞ്ഞു. സംഘർഷത്തിൽ പരുക്കേറ്റ 12 വിദ്യാർഥികൾ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ഒന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് ഇയാസ് (19), ശഹിൻ ശംസു (21), ബാസിത് (20), ഫഹ്‍മി ജവാദ് (20), റിസ്വാൻ (20, ശാബിൽ (20), ഷമ്മാസ് (20), മി‍ദ്‍ലാജ് (19), നിദാൻ (18), നിയാസ് (18), ആരിഫ് (19), മുസ്‍താഖ് (17), മുനവർ (19), അജ്‌നാസ് (18) എന്നിവരാണ് ചികിത്സ തേടിയത്.

Latest