Connect with us

National

ജെഎന്‍യുവില്‍ ഓണാഘോഷം ഇന്ന് തന്നെ നടത്തുമെന്ന് വിദ്യാര്‍ഥികള്‍; അനുമതി നല്‍കില്ലെന്ന് അധികൃതര്‍

നേരത്തെ കേരളപിറവി ദിനത്തിലും കാരണം വ്യക്തമാക്കാതെ അധികൃതര്‍ പരിപാടികള്‍ നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| നിശ്ചയിച്ച പ്രകാരം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍(ജെഎന്‍യു) ഇന്ന് ഓണാഘോഷ പരിപാടികള്‍ നടത്തുമെന്ന് മലയാളി വിദ്യാര്‍ഥികള്‍. മതപരമായ ആചാരങ്ങള്‍ കാമ്പസില്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ഓണാഘോഷത്തിന് അനുമതി നിഷേധിച്ചിരുന്നു. വിലക്കേര്‍പ്പെടുത്തിയ അധികൃതരുടെ നടപടിയെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പിന്തുണക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

കഴിഞ്ഞ 28 മുതല്‍ ജെഎന്‍യു കാമ്പസില്‍ ആരംഭിച്ച ഓണാഘോഷത്തിന്റെ സമാപന പരിപാടിക്കാണ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയത്. കലാപരിപാടികളും സിനിമ പ്രദര്‍ശനവുമുള്‍പ്പെടെ വിപുലമായ പരിപാടികളാണ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചത്. സമാപന പരിപാടിക്കായി 21000 രൂപ നല്‍കി കാമ്പസിലെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വാങ്ങി. 300 പേര്‍ക്കുളള സദ്യക്കായുളള ഒരുക്കവും നടത്തി. എന്നാല്‍, രണ്ടു ദിവസത്തിനകം അധികൃതര്‍ അനുമതി നിഷേധിച്ചു.

മതപരമായ ആഘോഷങ്ങള്‍ അനുവദിക്കില്ല എന്നായിരുന്നു വിശദീകരണം. അതേസമയം ഓണാഘോഷത്തിന്റെ പോസ്റ്ററില്‍ ഹമാസിനെ പിന്തുണച്ചുവെന്നും ഓണാഘോഷം രാഷ്ട്രീയമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നുവെന്നും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. കാമ്പസില്‍ ഇത്തവണയും ഓണം ആഘോഷിക്കുമെന്നാണ് സംഘാടകരുടെ നിലപാട്. നേരത്തെ കേരളപിറവി ദിനത്തിലും കാരണം വ്യക്തമാക്കാതെ അധികൃതര്‍ പരിപാടികള്‍ നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest