Connect with us

Articles

വിദ്യാർഥികളേ, നാളത്തെ പ്രതിഭകൾ നിങ്ങളാണ്

Published

|

Last Updated

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് കളമൊരുക്കിയ ചൈനയുടെ ഡീപ്സീക്കാണ് ഇപ്പോള്‍ പുതിയ താരോദയം. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഇത് ലോകം കീഴടക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ചാറ്റ് ജി പി ടിയും ഗൂഗിള്‍ ജെമിനിയും അടക്കിവാണിരുന്ന എ ഐ ലോകത്തിനെ പിടിച്ചുകുലുക്കാന്‍ ഡീപ്സീക്കിനായി. കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത, അതേസമയം പ്രവര്‍ത്തന കാര്യക്ഷമത കൂടുതലുള്ള ഓപണ്‍ സോഴ്സ് മോഡല്‍ എന്ന അര്‍ഥത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഓപ്പണ്‍ എ ഐയുടെ ചാറ്റ് ജി പി ടി വികസിപ്പിച്ചെടുക്കാന്‍ 540 ദശലക്ഷം ഡോളറാണ് ചെലവ് വന്നതെങ്കില്‍ അതിന്റെ നൂറിലൊന്ന് ചെലവ് മാത്രമാണ് ഡീപ്സീക്ക് ലോഞ്ച് ചെയ്യാന്‍ ചൈനക്ക് വന്നത്.

ശാസ്ത്രസാങ്കേതിക രംഗത്ത് ഗവേഷണം നടത്താനും അത്യാധുനിക സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനുമായി കോടികളാണ് ഓരോ രാജ്യവും മാറ്റിവെക്കുന്നത്. കണ്ണടച്ച് തുറക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ലോകത്ത് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകം കീഴടക്കുമെന്ന് പ്രവചിക്കപ്പെട്ട ചാറ്റ് ജി പി ടിയില്‍ നിന്ന് ഡീപ്സീക്കിലേക്കുള്ള ദൂരം എത്രമേല്‍ കുറവായിരുന്നു എന്ന് ആലോചിച്ചു നോക്കുക. വരും ദിവസങ്ങളില്‍ ഇതിനെയും അതിജയിക്കുന്ന പുത്തന്‍ സാങ്കേതിക സൗകര്യങ്ങള്‍ അരങ്ങേറും. അത് ഏത് രാജ്യം, എത്രമേല്‍ വേഗതയില്‍ അവതരിപ്പിക്കുമെന്ന് മാത്രമേ നാം നോക്കേണ്ടതുള്ളൂ.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലോകത്തെ തൊഴില്‍ സംസ്‌കാരവും പാടെ മാറി. പാരമ്പര്യ തൊഴിലുകള്‍ പലതും അപ്രത്യക്ഷമായി. മനുഷ്യര്‍ ചെയ്തിരുന്ന ജോലികള്‍ പലതും റോബോട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. എ ഐ അടക്കമുള്ള പുത്തന്‍ സൗകര്യങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാത്തവര്‍ പിറകിലായിപ്പോകുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യുന്നു. ഈ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ കുട്ടികളെ പര്യാപ്തമാക്കുകയാണ് ഐഡിയല്‍ അസ്സോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍. ഈയൊരു ലക്ഷ്യത്തിലൂന്നി ഒട്ടേറെ പരിപാടികള്‍ ഐ എ എം ഇ നടത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഗവേഷണോത്സുകതയും ശാസ്ത്രാവബോധവും വളര്‍ത്തുന്നതിനായാണ് കേരള സ്റ്റുഡന്റ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഇന്ന് കോഴിക്കോട് ചാലപ്പുറം മെജസ്റ്റിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രമുഖ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളെ പ്രതിനിധാനം ചെയ്ത് ആയിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
വിദ്യാര്‍ഥികളെ നീറ്റ്, ജെ ഇ ഇ, കീം തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിക്കുകയും മികച്ച പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നതിനായി ഐ എ എം ഇ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി ഐ സെറ്റ് സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന ഗ്രാന്‍ഡ് ഫിനാലെ കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും.
പ്രശസ്ത ട്രെയിനറും ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും ക്വിസ് മാസ്റ്ററുമായ എ ആര്‍ രഞ്ജിത്താണ് ഗ്രാന്‍ഡ് ഫിനാലെ നയിക്കുന്നത്. വിദ്യാര്‍ഥികളില്‍ ലീഡര്‍ഷിപ്പ്, സോഫ്റ്റ് സ്‌കില്‍ കമ്മ്യൂണിക്കേഷന്‍, ക്രിയേറ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനായി ഐ എ എം ഇ ഒരുക്കുന്ന ടോക്ക് ഷോയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. ഇതിനുപുറമെ, രാജ്യാന്തര തലത്തില്‍ എ ഐ, റോബോട്ടിക്സ് എന്നീ മേഖലകളില്‍ പ്രൊഫഷനലുകള്‍ക്ക് പരിശീലനം നല്‍കുന്ന 15 വയസ്സുകാരനായ റൗള്‍ ജോണ്‍ അജു, ചെറുപ്രായത്തില്‍ തന്നെ ശാസ്ത്ര സാങ്കേതിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന സെയ്ദ് ഹസന്‍ സെയ്ഫി എന്നിവര്‍ ടോക്ക് ഷോക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ഥികളില്‍ ശാസ്ത്ര ഗവേഷണ മേഖലയില്‍ മുന്നേറാന്‍ ഉതകുന്ന മീറ്റ് ദ സയന്റിസ്റ്റ് സെഷനില്‍ ഡോ. വര്‍ഗീസ് കുര്യന്‍ മെമ്മോറിയല്‍ ബെസ്റ്റ് സയന്റിസ്റ്റ് അവാര്‍ഡ് ജേതാവ് ജോണ്‍ എബ്രഹാം വിദ്യാര്‍ഥികളുമായി സംവദിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തില്‍ പുതിയൊരു ഏട് തുന്നിച്ചേര്‍ത്തായിരിക്കും ഇന്ന് നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ക്ലേവ് സമാപിക്കുക.

ജനറൽ സെക്രട്ടറി, ഐ എ എം ഇ

Latest