International
അണ്ണാനുകളില്‍ മനുഷ്യസദൃശമായ പെരുമാറ്റമുണ്ടെന്ന് പഠനം
അണ്ണാനുകള്‍ മനുഷ്യരെപ്പോലെ കരുത്തരും, ആധിപത്യം സ്ഥാപിക്കുന്നവരും, കായികാഭ്യാസികളും, സാമൂഹികജീവികളുമാണ് എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

സാക്രമെന്റോ| അണ്ണാന് മനുഷ്യസദൃശമായ ചില പെരുമാറ്റങ്ങളുണ്ടെന്ന് കണ്ടെത്തല്‍. കാലിഫോര്‍ണിയയിലെ വിവിധ ജീവികളില്‍ പഠനം നടത്തുന്ന ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. അവ മനുഷ്യരെപ്പോലെ കരുത്തരും, ആധിപത്യം സ്ഥാപിക്കുന്നവരും, കായികാഭ്യാസികളും, സാമൂഹികജീവികളുമാണ് എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.
ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള പഠനം, ഈ മാസം അനിമല്‍ ബിഹേവിയറിലാണ് പ്രസിദ്ധീകരിച്ചത്. പടിഞ്ഞാറന്‍ യുഎസ്സിലും കാനഡയിലും പ്രചാരത്തിലുള്ള ഗോള്‍ഡന്‍-മാന്റല്‍ ഗ്രൗണ്ട് അണ്ണാനുകളിലാണ് പഠനം നടത്തിയത്. ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണിത്.
അണ്ണാനുകളില്‍ ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ ഗവേഷകര്‍ നടത്തിയിട്ടുണ്ട്. കണ്ണാടിയിലെ സ്വന്തം പ്രതിച്ഛായയോട് എങ്ങനെ ഇവ പ്രതികരിക്കുന്നു, കാട്ടില്‍ ഇവയുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ എത്രനേരമെടുത്താണ് ഇവ ഓടിപ്പോകുന്നത് എന്നതെല്ലാം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. മൂന്ന് വര്‍ഷത്തെ കാലയളവില്‍ ശേഖരിച്ച ഡാറ്റ, ധൈര്യമുള്ളതും കൂടുതല്‍ സജീവവുമായ അണ്ണാനുകള്‍ അവയുടെ കൂടുതല്‍ ലജ്ജാലുക്കളായ എതിരാളികളേക്കാള്‍ വേഗത്തില്‍ ഭക്ഷണവും മറ്റും ശേഖരിക്കുന്നു എന്നും കണ്ടെത്തി.