Kerala
ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം
കൊച്ചി | നേരത്തെ അണുബാധ ഉണ്ടായ ഒരാള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയായ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഒമിക്രോണ്‍ വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നുവെന്ന് പഠനം. നെട്ടൂര്‍ സെന്റര്‍ ഫോര്‍ ആര്‍ത്രൈറ്റിസ് ആന്‍ഡ് റുമാറ്റിസം എക്‌സലന്‍സില്‍ (കെയര്‍) കൊവിഡ് ബാധിച്ചവരോ ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരോ ആയ 2,000 പേരില്‍ പ്രമുഖ ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റും റൂമറ്റോളജിസ്റ്റുമായ ഡോ. പദ്മനാഭ ഷേണായിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കൊവിഡ് വരാത്ത ഒരാള്‍ക്ക് രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്‌സിനിലൂടെ ലഭിച്ച പ്രതിരോധ ശേഷിയേക്കാള്‍ 30 മടങ്ങ് അധികം കൊവിഡ് വന്നതിന് ശേഷം ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അധിക പ്രതിരോധശേഷി കൈവരിച്ചവരെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഗണത്തില്‍പ്പെടുത്തിയത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 60 ശതമാനം ആളുകള്‍ക്കും, ഹൈബ്രിഡ് പ്രതിരോധ ശേഷിയുള്ള 90 ശതമാനം ആളുകള്‍ക്കും യഥാര്‍ഥ കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന് പഠനം പറയുന്നു. ഡെല്‍റ്റ വകഭേദത്തിലും ഈ കണക്കുകള്‍ ഏതാണ്ട് സമാനമാണ്. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളതിനാലാണ് ഒമിക്രോണിന്റെ രൂപത്തിലെത്തിയ കൊവിഡ് മൂന്നാം തരംഗത്തില്‍ യു എസ്, യു കെ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണ നിരക്ക് കുറയാന്‍ കാരണമായതെന്ന് ഡോ. പദ്മനാഭ ഷേണായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ പഠന റിപ്പോര്‍ട്ട് ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ് റുമറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടനയില്‍ ധാരാളം മാറ്റങ്ങളുമായെത്തിയ ഒമിക്രോണിനെതിരെ വാക്‌സിനിലൂടെ ലഭ്യമായ പ്രതിരോധ ശേഷിയും, ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിനായി നടത്തിയ പഠനം കഴിഞ്ഞാഴ്ചയാണ് പൂര്‍ത്തീകരിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗമായ ഡെല്‍റ്റ ഇന്ത്യയിലെ 70 ശതമാനം ആളുകളെയും ബാധിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തെ അര്‍ഹരായ 95 ശതമാനം ആളുകള്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും കിട്ടിയിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ ജനസംഖ്യയുടെ 75 ശതമാനം പേരും സങ്കര പ്രതിരോധ ശേഷി അഥവാ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി കൈവരിച്ചവരാണ്. അതുകൊണ്ടാണ് കൊവിഡ് മൂന്നാം തരംഗമായ ഒമിക്രോണ്‍ അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കാത്തതെന്ന് ഡോ. ഷേണായി പറഞ്ഞു.