Health
ഹൃദയാരോഗ്യത്തിന് മഞ്ഞള്‍ നല്ലതാണെന്ന് പഠനങ്ങള്‍
ശസ്ത്രക്രിയക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും ശേഷവും പ്രതിദിനം 4 ഗ്രാം കുര്‍ക്കുമിന്‍ കഴിച്ച ഗ്രൂപ്പിന് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 65 ശതമാനം കുറഞ്ഞു.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഭക്ഷണങ്ങളിലും എല്ലാവരും മഞ്ഞള്‍ ചേര്‍ക്കാറുണ്ട്. മഞ്ഞളിലെ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും കണ്ടെത്തി. കുര്‍ക്കുമിന്‍ എന്ന ബയോ ആക്റ്റീവ് സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. കുര്‍ക്കുമിന്‍ മഞ്ഞളിന്റെ നാല് മുതല്‍ 10 ശതമാനം വരെയാണ്. ഇത് ശരീരത്തെ ഡീജനറേറ്റീവ് രോഗങ്ങള്‍, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു.
മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന ബയോ ആക്റ്റീവ് സംയുക്തം മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു. ശരീരത്തിനുള്ളില്‍ ദീര്‍ഘകാല സെല്ലുലാര്‍ കേടുപാടുകള്‍ തടയുന്നതില്‍ ആന്റിഓക്സിഡന്റുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, ഡിഎന്‍എ തുടങ്ങിയ പ്രധാനപ്പെട്ട ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളുമായി പ്രതികൂലമായി പ്രതിപ്രവര്‍ത്തിക്കുന്നു.
കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി നടത്തിയ 121 പേരില്‍ അടുത്തിടെ പഠനം നടത്തി. ശസ്ത്രക്രിയക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും ശേഷവും പ്രതിദിനം 4 ഗ്രാം കുര്‍ക്കുമിന്‍ കഴിച്ച ഗ്രൂപ്പിന് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 65 ശതമാനം കുറഞ്ഞു.
കുര്‍ക്കുമിന്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായും നേരത്തെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉണ്ടാക്കുന്ന ബീറ്റാ സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കുര്‍ക്കുമിന്‍ സഹായിച്ചതായും ഗവേഷകര്‍ പറയുന്നു. എല്ലാ ദിവസവും അല്‍പം മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങള്‍ തടയുന്നതിന് സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു.