Connect with us

Education

പഠിക്കാം ഷാർജ അൽ ഖാസിമിയയിൽ

115ൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഖാസിമിയ്യയിൽ പഠനം നടത്തുന്നു

Published

|

Last Updated

യു എ ഇയിലെ പ്രസിദ്ധമായ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയാണ് അൽ ഖാസിമിയ യൂനിവേഴ്‌സിറ്റി. ഷാർജയിൽ സ്ഥിതി ചെയ്യുന്ന ഈ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക പഠനത്തിന് അന്തർദേശീയ തലത്തിൽ വളരെ പ്രസിദ്ധമാണ്. മികച്ച ഭൗതിക ഗവേഷണത്തിനുള്ള വിപുല സൗകര്യവും സൗജന്യ വിദ്യാഭ്യാസവും ഈ യൂനിവേഴ്‌സിറ്റിയെ വ്യത്യസ്തമാക്കുന്നു. 115ൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഈ സർവകലാശാലയിൽ പഠനം നടത്തുന്നുണ്ട്.
കേരളത്തിലടക്കമുള്ള മതകലാലയങ്ങളുമായി യൂനിവേഴ്‌സിറ്റിക്ക് അക്കാദമിക സഹകരണം ഉണ്ട്. യൂനിവേഴ്‌സിറ്റിക്ക് അക്കാദമിക സഹകരണമുള്ള കാരന്തൂർ മർകസിൽ നിന്ന് ഇസ്‌ലാമിക പഠനം പൂർത്തിയാക്കിയവർക്ക് പ്രത്യേകം വെയ്റ്റേജ് ലഭിക്കുന്നതാണ്. യൂനിവേഴ്‌സിറ്റിയുടെ 2023- 24 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി.

കോഴ്‌സുകളും യോഗ്യതയും
നാല് വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് (യു ജി) ഡിഗ്രിയാണ് യൂനിവേഴ്‌സിറ്റി നൽകുന്നത്.
ബി എ കോഴ്‌സുകളായ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ശരീഅ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഖുർആൻ സ്റ്റഡീസ്, മാസ്സ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളാണ് യുനിവേഴ്‌സിറ്റി നൽകുന്നത്.

70 ശതമാനം മാർക്കോടെയുള്ള ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയവർക്ക് ബി എ ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക്, ഖുർആൻ സ്റ്റഡീസ്, മാസ്സ് മീഡിയ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 75 ശതമാനം മാർക്ക് നേടിയവർക്ക് ഇക്കണോമിക്‌സിനും അപേക്ഷിക്കാം.

പൊതുവായ നിർദേശങ്ങൾ
അപേക്ഷകൻ ഹയർ സെക്കൻഡറി പഠനം കഴിഞ്ഞ് രണ്ട് വർഷം അധികം ആവരുത്.
16 വയസ്സ് പൂർത്തിയാവുകയും 20 വയസ്സ് അധികമാവാനും പാടില്ല.
മിനിസ്ട്രി ഓഫ് എജ്യൂക്കേഷൻ, മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ്, യു എ ഇ എംബസി അറ്റസ്റ്റ് ചെയ്ത 10, 11, 12 എന്നീ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

ഇക്കണോമിക്‌സ്, മാസ്സ് മീഡിയ അപേക്ഷാർഥികൾ ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയായ ഐ ഇ എൽ ടി എസ് സ്‌കോർ 5.0 അല്ലങ്കിൽ ടോഫ്ൽ സ്‌കോർ IBT – 61 നേടിയിരിക്കണം.
മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ് അറ്റസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഇന്റർനാഷനൽ വിദ്യാർഥികൾ ആദ്യ സെമസ്റ്ററിൽ ഇന്റൻസീവ് അറബിക് ലാംഗ്വേജ് കോഴ്‌സ് പൂർത്തിയാക്കേണ്ടതുണ്ട്.

സ്‌കോളർഷിപ്പ്
പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് യൂനിവേഴ്‌സിറ്റിയുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യരായ എല്ലാ അന്താരാഷ്ട്ര വിദ്യാർകൾക്കും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. പഠനം, താമസം, വിസ, ഹെൽത്ത് ഇൻഷ്വറൻസ്, യാത്രാ ടിക്കറ്റ്, മറ്റു ചെലവുകൾ എല്ലാം യൂനിവേഴ്‌സിറ്റി വഹിക്കുന്നതായിരിക്കും.
വിവരങ്ങൾക്ക്: ww.alqasimia.ac.ae സന്ദർശിക്കുക.

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

---- facebook comment plugin here -----

Latest