Connect with us

National

കടുവകളുടെ ആവാസകേന്ദ്രത്തിൽ 30 ശതമാനം വർധനയെന്ന്‌ പഠനം

ആറുകോടി പേർ കടുവളുടെ ആവാസകേന്ദ്രത്തിന്‍റെ പരിധിയിൽ ജീവിക്കുന്നതായും പഠനത്തിൽ പറയുന്നു

Published

|

Last Updated

12 വർഷത്തിനിടയിൽ കടുവളുടെ ആവാസകേന്ദ്രത്തിൽ 30 ശതമാനം വർധനയുണ്ടായതായി പഠനം. ആറുകോടി പേർ കടുവളുടെ ആവാസകേന്ദ്രത്തിന്‍റെ പരിധിയിൽ ജീവിക്കുന്നതായും പഠനത്തിൽ പറയുന്നു. ഇത്‌ കടുവകളുടെ ആവാസകേന്ദ്രത്തിന്‍റെ 45 ശതമാനത്തോളം വരുമെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.

മുതിർന്ന വന്യജീവി ശാസ്ത്രജ്ഞനായ യാദവേന്ദ്രദേവ് വി ഝാല, ഡെൻമാർക്കിലെ ആർഹസ് സർവകലാശാലയിലെ അസിസ്റ്റന്‍റ്‌ പ്രൊഫസർ നിനാദ് മുൻഗി, പ്രോജക്ട് ടൈഗറിന്‍റെ മുൻ മേധാവി രാജേഷ് ഗോപാൽ, മുതിർന്ന വന്യജീവി ശാസ്ത്രജ്ഞൻ ഖമർ ഖുറേഷി എന്നിവരാണ്‌ ഗവേഷണം നടത്തി പ്രബന്ധം എഴുതിയിരിക്കുന്നത്‌.

“കടുവകൾ കൈവശപ്പെടുത്തിയിരിക്കുന്ന ആവാസ വ്യവസ്ഥകളുടെ വലിയൊരു ഭാഗം (45%) ഇന്ത്യയിലെ ഏകദേശം 60 ദശലക്ഷം ആളുകൾ സഹവസിക്കുന്ന ഇടങ്ങളാണ്‌. ടൂറിസത്തിന്‍റെ ഭാഗമായുള്ള വരുമാനവും വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നഷ്‌ടപരിഹാരം കൈപ്പറ്റുന്നവരുമാണ്‌ ഇവർ’ ‐ റിപ്പോർട്ടിൽ പറഞ്ഞു. 2006 മുതൽ 2018 വരെയുള്ള കടുവകളുടെ എണ്ണം, ആവാസവ്യവസ്ഥ, പാരിസ്ഥിതിക പ്രത്യേകതകൾ എന്നിവ അടിസ്ഥാനമാക്കിയാണ്‌ പഠനം. കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ ചുറ്റമുള്ള ഇടങ്ങളിലേക്കാണ്‌ 25 ശതമാനവും ആവാസകേന്ദ്രം വർധിച്ചിരിക്കുന്നത്‌.

കടുവകൾക്ക്‌ പ്രചനനം നടത്താനും മറ്റും മനുഷ്യസാന്നിധ്യമില്ലാത്ത വനങ്ങളുടെ വിസ്‌തൃതി വർധിപ്പിക്കണമെന്നും പഠനത്തിൽ പറയുന്നു. 2022 ലെ കണക്കെടുപ്പ് പ്രകാരം 3,682 കടുവകളാണ്‌ ലോകത്ത്‌ ആകെയുള്ളത്‌. ഇതിൽ 75 ശതമാനവും ഇന്ത്യയിലാണ്. ശിവാലിക് കുന്നുകളിലും ഗംഗാ സമതലങ്ങളിലും, ഒഡീഷ, ആന്ധ്രാപ്രദേശ് വരെ വ്യാപിച്ചുകിടക്കുന്ന മധ്യ ഇന്ത്യൻ, കിഴക്കൻ ഘട്ട ഭൂപ്രകൃതിയിലും, പശ്ചിമഘട്ടത്തിലുമാണ് ഭൂരിഭാഗം കടുവകളും കേന്ദ്രീകരിച്ചിരുന്നത്.

Latest