Health
50 വയസ്സിന് താഴെയുള്ളവരില്‍ കാന്‍സര്‍ 79 ശതമാനം വര്‍ധിച്ചെന്ന് പഠനം
ബി.എം.ജെ. ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 50 വയസ്സിന് താഴെയുള്ളവരില്‍ കാന്‍സര്‍ നിരക്ക് 79 ശതമാനം വര്‍ധിച്ചെന്ന് പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനുള്ളിലാണ് ഈ കുതിപ്പുണ്ടായതെന്നും പഠനത്തില്‍ പറയുന്നു. സ്‌കോട്‌ലന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ബി.എം.ജെ. ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
29 ഓളം വിവിധ കാന്‍സറുകളെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തി. 204 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം സംഘടിപ്പിച്ചത്. ഇതില്‍ സ്തനാര്‍ബുദ നിരക്കിലാണ് കൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മരണനിരക്കും ഈ വിഭാഗം കാന്‍സറില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശ്വാസനാളത്തിലെ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ ചെറുപ്പക്കാരില്‍ കൂടുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു.
1990നും 2019നും ഇടയില്‍ അര്‍ബുദനിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി പഠനം ചൂണ്ടിക്കാട്ടുന്നു. 1990ല്‍ 1.82 ദശലക്ഷത്തില്‍ നിന്ന് 2019-ല്‍ 3.26 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം നേരത്തേ ബാധിക്കുന്ന ലിവര്‍ കാന്‍സര്‍ കേസുകളില്‍ 2.88 ശതമാനം വാര്‍ഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 40,30 അല്ലെങ്കില്‍ അതില്‍ താഴെ പ്രായമുള്ളവര്‍ക്കിടയില്‍ കാന്‍സര്‍ സംബന്ധമായ മരണങ്ങളില്‍ 27 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. 50 വയസ്സിന് താഴെയുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ പ്രതിവര്‍ഷം കാന്‍സറിന് കീഴടങ്ങുന്നതായും പഠനത്തില്‍ പറയുന്നു.
കാന്‍സര്‍ നിരക്കുകളുടെ വര്‍ധനവില്‍ ജനിതക ഘടകങ്ങള്‍ പ്രധാന കാരണമാണ്. എന്നാല്‍ തെറ്റായ ഭക്ഷണ ശീലങ്ങള്‍, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ ഉപയോഗവും വ്യായാമമില്ലായ്മ ,അമിതവണ്ണം, പ്രമേഹം എന്നിവയും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗക്കുറവുമൊക്കെ രോഗത്തിന് കാരണങ്ങളാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. അമ്പതു വയസ്സിനു താഴെ കാന്‍സര്‍ ബാധിച്ച് ആരോഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്നും പഠനത്തില്‍ പറയുന്നു. ആഗോളതലത്തില്‍ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം അര്‍ബുദമാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.