Connect with us

International

ഏറ്റവും ആയുസ് കൂടുതല്‍ ജപ്പാനിലെ ജനങ്ങള്‍ക്കെന്ന് പഠനം

ഒരു ശരാശരി ജാപ്പനീസ് വ്യക്തി സാധാരണയായി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

Published

|

Last Updated

ടോക്യോ| ജി-7 രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ഒരു പഠനത്തില്‍ ജപ്പാനിലെ ജനങ്ങള്‍ക്കിടയിലാണ് ഏറ്റവും കൂടിയ ശരാശരി ആയുസ് എന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമായും ജപ്പാനിലുള്ളവര്‍ക്ക് ഇസ്‌കെമിക് ഹൃദ്രോഗം, കാന്‍സര്‍ എന്നിവ മൂലമുള്ള മരണം വളരെ കുറവാണ്. അതാണ് ആയുര്‍ദൈര്‍ഘ്യം കൂടാന്‍ പ്രധാന കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. സെന്റര്‍ ഫോര്‍ പബ്ലിക് ഹെല്‍ത്ത് സയന്‍സസ്, ടോക്കിയോ ആണ് പഠനം നടത്തിയത്. യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് നേച്ചര്‍ ഡോട്ട് കോമിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തില്‍ ജപ്പാനിലുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ഷങ്ങളായി വര്‍ധിച്ചു വരികയാണ്.

ജപ്പാനില്‍ പൊണ്ണത്തടിയുള്ളവര്‍ കുറവാണ്. ഇവിടെയുള്ളവര്‍ ചുവന്ന മാംസത്തോട് ഇഷ്ടമുള്ളവരുമല്ല. മത്സ്യം, പ്രത്യേകിച്ച് എന്‍3 പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, സോയാബീന്‍ പോലുള്ള സസ്യഭക്ഷണങ്ങള്‍, ഗ്രീന്‍ ടീ പോലുള്ള പഞ്ചസാരയില്ലാത്ത പാനീയങ്ങള്‍ എന്നിവയാണ് ജാപ്പനീസുകാര്‍ക്ക് പ്രിയം. സാധാരണ ജാപ്പനീസ് ഭക്ഷണക്രമം സസ്യഭക്ഷണവും മത്സ്യവുമാണ്.

ഒരു ശരാശരി ജാപ്പനീസ് വ്യക്തി സാധാരണയായി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മിക്കപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുകയും ജോലിസ്ഥലത്തേക്ക് നടന്നോ സൈക്കിള്‍ ഓടിച്ചോ ആണ് യാത്ര. ഇത്തരത്തില്‍ സജീവമായി നില്‍ക്കുന്നതും ആയുസ് കൂടാന്‍ കാരണമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. വയറുനിറയെ ഭക്ഷമം കഴിക്കുക എന്നൊരു രീതി ജാപ്പനീസുകാര്‍ക്കില്ല. പകരം എണ്‍പതുശതമാനം നിറയുമ്പോഴേക്കും ഭക്ഷണം കഴിച്ച് അവസാനിപ്പിക്കും.

പരിസരം വൃത്തിയായി സൂക്ഷിക്കുന്ന ശീലവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനവും ജാപ്പനീസുകാരുടെ ആയുസ് കൂടുന്നതിന് കാരണമായി പറയുന്നുണ്ട്. കൂടാതെ ടിബി പോലെയുള്ള അസുഖങ്ങള്‍ക്ക് ജപ്പാന്‍ ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. ജപ്പാനിലെ ജനങ്ങള്‍ ഭൂരിഭാഗവും വീട്ടിലെ മുതിര്‍ന്നവരെ നന്നായി പരിചരിക്കുന്നവരാണ്. അവരോട് സംസാരിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും ഓരോരുത്തരും സമയം കണ്ടെത്തുന്നു.