Kerala
വെള്ളപ്പൊക്കം നിയന്ത്രിക്കാൻ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്ന് പഠനം
വരൾച്ച തടയാൻ മഴവെള്ള സംഭരണ നടപടി വേണം • പഠനം നടത്തിയത് സി ഡബ്ല്യു ആർ ഡി എം
കോഴിക്കോട് | സംസ്ഥാനത്ത് സുസ്ഥിര ജലവിഭവ സംരക്ഷണം ആവശ്യമാണെന്ന് പഠനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും വരൾച്ച ഇല്ലാതാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ്മാനേജ്‌മെന്റ്(സി ഡബ്ല്യു ആർ ഡി എം) പഠന റിപോർട്ടിൽ നിർദേശിക്കുന്നു. മഴക്കാലത്തെ വെള്ളപ്പൊക്കവും വേനൽക്കാലത്തെ ജലക്ഷാമവും ഉൾപ്പെടെ ജലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കേരളം അഭിമുഖീകരിക്കുന്നു. ഫലപ്രദമായ ജലവിഭവ മാനേജ്‌മെന്റിന് സംരക്ഷണം, വിതരണം, സുസ്ഥിരത എന്നിവ പരിഗണിക്കുന്ന സമഗ്ര സമീപനം ആവശ്യമാണ്.
വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് നേരത്തേയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കൽ, ജലത്തിന്റെ ഒഴുക്കിനെ പ്രതിരോധിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം, ശരിയായ ഭൂവിനിയോഗ ആസൂത്രണം എന്നിവ ആവശ്യമാണ്. മഴവെള്ളം സംഭരിക്കാനാവശ്യമായ നടപടികൾ വീടുകളിൽ നടത്തണം. സമൂഹത്തിൽ ഇവ പ്രോത്സാഹിപ്പിക്കണം.
മഴവെള്ളം ടാങ്കുകളിൽ സംഭരിച്ച് ജലസേചനം, ശൗചാലയങ്ങളിലെ ഉപയോഗം, അലക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി നീക്കിവെക്കാം. കൃത്രിമ റീചാർജ് രീതികൾ സ്വീകരിക്കുകയും ഭൂഗർഭജല നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുകയും വേണം.
സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും പുഴകളിലെ ജലത്തിന്റെ ഗുണമേന്മ നിരീക്ഷിക്കുകയും വേണം. പ്രാദേശിക ജലസ്രോതസ്സുകൾ സംബന്ധിച്ച് അറിവുള്ളതിനാൽ ജലവിഭവ സംരക്ഷണ നടപടികളിൽ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.
സുസ്ഥിര ജല ഉപയോഗം ഉറപ്പാക്കുന്നതിന് ഉപരിതല ജലം, ഭൂഗർഭ ജലം, പരിസ്ഥിതി എന്നിവ തമ്മിലുള്ള ഏകോപനം ഉൾപ്പെടുന്നതിനാൽ സംയോജിത ജലവിഭവ മാനേജ്‌മെന്റ്തത്ത്വങ്ങൾ നടപ്പാക്കണം. വനവത്കരണം, മണ്ണ് സംരക്ഷണം, ചെക്ക് ഡാമുകൾ സൃഷ്ടിക്കൽ എന്നിവ നീർത്തടങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിപാലനത്തിന് മുൻഗണന ഉറപ്പാക്കണം. ഇത് മണ്ണൊലിപ്പ് തടയാനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഭൂഗർഭജലം റീചാർജ് ചെയ്യാനും ഇടയാക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കണം. വരൾച്ച നേരിടാൻ കാർഷിക രീതികൾ, വരൾച്ച പ്രതിരോധിക്കുന്ന വിളകളുടെ ഉപയോഗം, ജലം ലാഭിക്കുന്നതിന് സൂക്ഷ്മ ജലസേചനം പോലുള്ളവ നടപ്പിൽ വരുത്തണമെന്നും “നദികളും മഴയും 2022: കേരളത്തിന്റെ ജല സുസ്ഥിരത വിലയിരുത്തൽ, ഒരു സ്റ്റാറ്റസ് റിപോർട്ടി’ൽ നിർദേശിക്കുന്നു.
കെ നവീന, ടി എം ശരണ്യ, എം സി റൈസി, ടി കെ ഡ്രിസിയ, യു സുരേന്ദ്രൻ, മനോജ് പി സാമുവൽ എന്നിവരാണ് റിപോർട്ട് തയ്യാറാക്കിയത്.